ബെംഗളൂരു: മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതൽ 2012 വരെ യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതൽ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. 1962-ൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു.
ബ്രാൻഡ് ബെംഗളുരുവിന്‍റെ തലതൊട്ടപ്പനായിരുന്നു സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ്എം കൃഷ്‌ണ. ബെംഗളുരു നഗരത്തെ ഇന്ന് കാണുന്ന സിലിക്കൺ വാലിയും ടെക് നഗരവുമായി വളർത്തിയെടുത്ത മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. അറുപതാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിൽ സോഷ്യലിസ്റ്റായി തുടങ്ങി കോൺഗ്രസുകാരനായി ജീവിച്ച് ഒടുവിൽ ബിജെപിയിലെത്തിയ ശേഷം വിരമിക്കൽ. ഫുൾ ബ്രൈറ്റ് സ്കോളർഷിപ്പടക്കം മികച്ച അക്കാദമിക് നേട്ടങ്ങളോടെ വിദേശ പഠനം പൂർത്തിയാക്കിയ എസ് എം കൃഷ്ണ സുരക്ഷിതമായ ഒരു ജോലി തെരഞ്ഞെടുക്കുന്നതിന് പകരം കർണാടക രാഷ്ട്രീയത്തിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചത്.
1962-ൽ സ്വതന്ത്രനായി മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ജയിച്ചു. ശേഷം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്. 1968-ൽ മണ്ഡ്യയിൽ നിന്ന് കോൺഗ്രസ് എംപിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് വന്ന എസ് എം കൃഷ്ണ കോൺഗ്രസിൽ പടി പടിയായി വളർന്നു. 1999-ൽ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എസ് എം കൃഷ്ണയുടെ നേതൃത്വത്തിലാണ് ബെംഗളുരു നഗരം ഇന്ന് കാണുന്ന ഇന്ത്യയുടെ സിലിക്കൻ വാലിയായി വളർന്നത്. ബെംഗളുരു അഡ്വാൻസ്‍ഡ് ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച്, ഇൻഫോസിസ് സഹസ്ഥാപനകനായ നന്ദൻ നിലേകനിയെ അടക്കം അതിൽ പങ്കാളിയാക്കി. ഉദ്യാന നഗരിക്ക് ടെക് പരിവേഷം കൈവന്നത് ഇതിന് ശേഷമായിരുന്നു. ഒരു കോർപ്പറേറ്റ് സിഇഒയെപ്പോലെയാണ് എസ് എം കൃഷ്ണ കർണാടക ഭരിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്.
ബെംഗളുരു നഗരത്തിന്‍റെ വികസനത്തിലൂടെ ലഭിക്കുന്ന വരുമാനം സംസ്ഥാനത്തിനൊട്ടാകെ ഗുണം ചെയ്യുമെന്ന് എസ് എം കൃഷ്ണ ഉറച്ച് വിശ്വസിച്ചിരുന്നു. 2004-ൽ മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷം അദ്ദേഹം മഹാരാഷ്ട്ര ഗവർണറായി. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ച അദ്ദേഹത്തിന് രണ്ടാം യുപിഎ സർക്കാരിൽ മൻമോഹൻ സിംഗ് വിദേശകാര്യ മന്ത്രി പദവി നൽകി. എന്നാൽ 2012-ൽ അദ്ദേഹത്തോട് കോൺഗ്രസ് ആ പദവി ഒഴിയാൻ നിർദേശിച്ചത് കൃഷ്ണയ്ക്ക് കടുത്ത അതൃപ്തിയുണ്ടാക്കി. പിന്നീട് പാർട്ടിയുമായി അകന്ന അദ്ദേഹം 2017-ൽ ബിജെപിയിൽ ചേർന്നു. 2021-ൽ രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. 2023-ൽ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.
إرسال تعليق