തിരുവനന്തപുരം: തൃശൂർ പൂരം കലക്കലിൽ തിരുവമ്പാടി ദേവസ്വത്തിനെതിരെ എഡിജിപി എം.ആർ.അജിത്കുമാറിന്റെ റിപ്പോർട്ട്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ദേവസ്വത്തിലെ ചിലർ ഗൂഢാലോചന നടത്തിയെന്നും പൂരനാളിൽ ബോധപൂർവം പ്രശ്നമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
പൂരം കലക്കൽ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവിക്ക് സെപ്റ്റംബറിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പാണ് പുറത്തുവന്നത്. നിയമപരമായി സാധ്യമാകാത്ത കാര്യങ്ങൾ ദേവസ്വം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അവലോകന യോഗങ്ങളിൽ അടക്കം ദേവസ്വം ഈ ആവശ്യങ്ങൾ മുന്നോട്ടുവച്ചു.
നിയമവിരുദ്ധമായ ആവശ്യങ്ങൾ അനുവദിക്കാതിരുന്നാൽ പൂരം അട്ടിമറിക്കണമെന്ന തീരുമാനം ദേവസ്വം നേരത്തേ എടുത്തിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ ശ്രമിച്ചത് ഏതു രാഷ്ട്രീയ പാർട്ടിയാണെന്ന വെളിപ്പെടുത്തൽ റിപ്പോർട്ടിലില്ല.
അതേസമയം, ബിജെപിയുടെ ഒരു സംസ്ഥാന വൈസ് പ്രസിഡന്റ്, ആർഎസ്എസിന്റെ സംസ്ഥാനത്തെ പ്രമുഖ നേതാവ് എന്നിവരുടെ പേരുകൾ മൊഴിയുടെ രൂപത്തിൽ അനുബന്ധമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
إرسال تعليق