തിരുപ്പൂര്‍: ജന്‍മദിനത്തില്‍ അയല്‍വാസികള്‍ക്ക് കേക്ക് നല്‍കാനായി ഇരുചക്രവാഹനത്തില്‍ പോയ പെണ്‍കുട്ടിക്കും രണ്ട് സുഹൃത്തുക്കള്‍ക്കും കുളത്തില്‍ വീണ് ദാരുണാന്ത്യം. ഉദുമല്‍പേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടിയിലാണ് സംഭവം. ദര്‍ശന (17), ചെന്നൈ വേലച്ചേരി സ്വദേശി ആകാശ് (20), വിദ്യാര്‍ഥിനിയുടെ ബന്ധു മാരിമുത്തു (20) എന്നിവരാണ് മരിച്ചത്
ഡിസംബര്‍ 18നാണ് ദര്‍ശനയ്ക്ക് 17 വയസ്സായത്. കുടുംബത്തോടൊപ്പം ജന്‍മദിനം ആഘോഷിച്ചശേഷമാണ് ദര്‍ശന പുറത്തേക്ക് പോയത്. പരിചയക്കാര്‍ക്കും അയല്‍ക്കാര്‍ക്കും കേക്ക് നല്‍കാനുണ്ടെന്നാണ് വീട്ടില്‍ പറഞ്ഞത്. രാത്രിയായിട്ടും പെണ്‍കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയും സുഹൃത്തുക്കളും ബൈക്കില്‍ പോയതായി പോലീസിനു വിവരം ലഭിച്ചെങ്കിലും മൂന്നുപേരുടെയും മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാവിലെ കുളത്തിന് അരികിലൂടെ പോയവരാണ് മൃതദേഹങ്ങള്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി കാണാതായ പെണ്‍കുട്ടിയാണ് മരിച്ചവരില്‍ ഒരാളെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
മാരിമുത്തുവാണ് ബൈക്ക് ഓടിച്ചിരുന്നതെന്ന് പോലീസ് പറയുന്നു. വളവ് ശ്രദ്ധയില്‍പ്പെടാതെ നിയന്ത്രണം വിട്ടാണ് ബൈക്ക് കുളത്തിലേക്ക് വീണതെന്നാണ് നിഗമനം. കൊടുംവളവില്‍ ഇരുമ്പു പൈപ്പില്‍തട്ടി മൂന്നുപേരും കുളത്തിലേക്ക് വീഴുകയായിരുന്നു. കുളത്തില്‍ ഏഴ് അടിയോളം വെള്ളമുണ്ടായിരുന്നു. ദര്‍ശന സമൂഹമാധ്യമത്തിലൂടെയാണ് ആകാശിനെ പരിചയപ്പെട്ടത്. മാരിമുത്തുവിന് ഇരുവരുടെയും സൗഹൃദം അറിയാമായിരുന്നു. ജന്‍മദിനാശംസ നേരാനാണ് ആകാശ് ഉദുമല്‍പേട്ടിലെത്തിയത്. തുടര്‍ന്ന് മാരിമുത്തു ബൈക്കുമായി എത്തി ഇരുവരെയും ഒപ്പം കൂട്ടുകയായിരുന്നു
إرسال تعليق