കോഴിക്കോട്: കോടതി ജീവനക്കാരിയോടു ജോലിസമയത്ത് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ കോഴിക്കോട് ജില്ലാ ജഡ്ജിക്ക് സസ്പെന്ഷൻ. അഡീഷണല്‍ ജില്ലാ ജഡ്ജി (എംഎസിടി) എം. സുഹൈബിനെയാണ് ഹൈക്കോടതി അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്ത ശേഷമാണു നടപടിയിലേക്കു നീങ്ങിയത്.
കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാരിയോട് ജില്ലാ ജഡ്ജിയുടെ മോശം പെരുമാറ്റമുണ്ടായത്. ഇതില്‍ മനോവിഷമംനേരിട്ട ജീവനക്കാരി രണ്ടുദിവസം ഓഫീസില്‍ ജോലിക്ക് എത്തിയിരുന്നില്ല.പിന്നീട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടു നേരിട്ടു കാര്യങ്ങള്‍ ബോധിപ്പിച്ചു. സംഭവം പുറത്തറിഞ്ഞതോടെ പ്രതിഷേധമുയര്‍ന്നു. ജീവനക്കാര്‍ ജില്ലാ ജഡ്ജിയുടെ ചേംബറിനു മുന്നില്‍ പ്രതിഷേധിച്ചു.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ആരോപണ വിധേയനായ സുഹൈബിനെ ചേംബറിലേക്ക് വിളിച്ചുവരുത്തി. ജീവനക്കാരിയോടു സുഹൈബ് മാപ്പുപറഞ്ഞു പ്രശ്നം അവസാനിപ്പിച്ചു. ഇതുകാരണം ജീവനക്കാരി പോലീസില്‍ പരാതി നല്‍കിയിരുന്നില്ല.പിന്നീട് കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ഹൈക്കോടതിക്കു റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
എം. സുഹൈബ് ഉടന്‍ സ്ഥാനമൊഴിഞ്ഞ് വടകര ജില്ലാ ജഡ്ജി വി.ജി. ബിജുവിനു ചുമതല കൈമാറാന്‍ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ജോലി സ്ഥലത്ത് ജുഡീഷല്‍ ഓഫീസറില്‍ നിന്നുണ്ടായ പെരുമാറ്റം ഗൗരവമായാണ് ഹൈക്കോടതി പരിഗണിച്ചത്.
إرسال تعليق