Join News @ Iritty Whats App Group

ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് അമ്മയെ തെങ്ങിൻ ചുവട്ടിൽ അടക്കിയെന്ന് മകൻ; പ്രദീപിനെ വിട്ടയക്കും


കൊച്ചി: കൊച്ചി വെണ്ണലയില്‍ അമ്മയുടെ മൃതദേഹം നാട്ടുകാരും ബന്ധുക്കളുമറിയാതെ മകന്‍ കുഴിച്ചിട്ട സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത മകന്‍ പ്രദീപിനെ വിട്ടയക്കും. പൊലീസ് എത്തുമ്പോൾ മദ്യലഹരിയിലായിരുന്ന മകൻ അമ്മ പുലര്‍ച്ചെ മരിച്ചെന്നും ശ്മശാനത്തില്‍ കൊടുക്കാന്‍ കാശില്ലാത്തതു കൊണ്ട് മൃതദേഹം കുഴിച്ചിട്ടെന്നും പൊലീസിനോട് പറഞ്ഞു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തി. വെണ്ണല സ്വദേശിനി അല്ലിയെന്ന എഴുപതുകാരിയുടേത് സ്വാഭാവിക മരണമെന്നാണ് പൊലീസ് കണ്ടെത്തല്‍. 

ഇന്ന് പുലര്‍ച്ചെയോടെയാണ് വീട്ടു മുറ്റത്തെ തെങ്ങിന്‍ ചുവട്ടില്‍ അമ്മയുടെ മൃതദേഹം മകന്‍ കുഴിച്ചിട്ട വിവരം പുറത്തറിഞ്ഞത്. കുഴിച്ചിട്ട മൃതദേഹത്തിന്‍റെ കാല് പുറത്തു കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസെത്തുമ്പോള്‍ മദ്യലഹരിയിലായിരുന്നു മകന്‍ പ്രദീപ്. പൊലീസ് കുഴി തുറന്ന് മൃതദേഹം പുറത്തെടുത്തു. അമ്മയെ മകന്‍ കൊന്നു കുഴിച്ചിട്ടതാകാമെന്ന അഭ്യൂഹം നാട്ടുകാര്‍ക്കിടയില്‍ ശക്തമായ പശ്ചാത്തലത്തില്‍ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. പോസ്റ്റ് മോര്‍ട്ടത്തിലാണ് മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വ്യക്തമായത്. രൂക്ഷമായ പ്രമേഹം ബാധിച്ചിരുന്ന അല്ലിയുടേത് സ്വാഭാവിക മരണമെന്നാണ് നിലവിലെ കണ്ടെത്തല്‍. അല്ലിയുടെ ആന്തരികാവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കൂടി വന്ന ശേഷമേ കേസന്വേഷണം ഔദ്യോഗികമായി പൂര്‍ത്തിയാകൂ.

Post a Comment

أحدث أقدم
Join Our Whats App Group