തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് ഭർതൃഗൃഹത്തിൽ നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ ആരോപണവുമായി യുവതിയുടെ പിതാവ്. തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരൻ കാണി പറഞ്ഞു. ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്ല. മകളെ വീട്ടുകാർ പീഡിപ്പിച്ചുവെന്നും പിതാവ് പറയുന്നു. തന്റെ സഹോദരി ആത്‍മഹത്യ ചെയ്യില്ലെന്ന് സഹോദരൻ ഷിനുവും പ്രതികരിച്ചു. സംഭവത്തിൽ ഭർത്താവ് അഭിജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ദുജയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു കുടുംബം പൊലീസിൽ പരാതി നൽയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്. വിവാഹം കഴിഞ്ഞു മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ. അതിനിടയിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നേരത്തെ, മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. പാലോട് - ഇടിഞ്ഞാർ - കൊളച്ചൽ- കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഇന്നലെ ഉച്ചക്ക് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്. തുടർന്ന് മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പാലോട് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിരുന്നു.
ഇന്ദുജയെ ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലെ ബെഡ്റൂമിൽ ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. അഭിജിത് ഉച്ചയ്ക്ക് വീട്ടിൽ ചോറ് കഴിക്കാനായി എത്തിയപ്പോഴാണ് ഇന്ദുജയെ ജനലിൽ കെട്ടിത്തൂങ്ങിയ നിലയിൽ കാണുന്നത്. ഉടനെ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രണ്ട് വർഷമായി ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. 3 മാസം മുമ്പ് പെൺകുട്ടിയെ അഭിജിത് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ട് പോയി അമ്പലത്തിൽ വെച്ച് വിവാഹം കഴിച്ച് ഒപ്പം താമസിപ്പിക്കുകയായിരുന്നു. പെൺകുട്ടി സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. അഭിജിത് സ്വകാര്യ വാഹന കമ്പനിയിലെ ജീവനക്കാരൻ ആണ്. സംഭവം നടക്കുമ്പോൾ വീട്ടിൽ അഭിജിത്തിന്റെ അമ്മൂമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇന്ദുജ തന്‍റെ അമ്മയും സഹോദരനുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് ഭർതൃ വീട്ടുകാർ പറയുന്നത്. അഭിജിത്തിന്‍റെ വീട്ടിൽ മാനസിക പീഡനം നേരിട്ടതായി മകൾ പറഞ്ഞെന്നുമാണ് ഇന്ദുജയുടെ കുടുംബം പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ഇന്ദുജയുടെ പിതാവ് പാലോട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
إرسال تعليق