Join News @ Iritty Whats App Group

കെപിസിസി പ്രസിഡന്റ് ക്രൈസ്തവ വിഭാഗത്തില്‍നിന്നു വേണം; സണ്ണി ജോസഫിനായി സഭ രംഗത്ത്‌





നിലവില്‍ പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ക്കിടെ ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ കെപിസിസി അധ്യക്ഷനാക്കണമെന്ന ആവശ്യവുമായി സഭാ നേതൃത്വം. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ സഭ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും എംഎല്‍എയുമായ സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനാക്കാനാണ് സഭ ഉദ്ദേശിക്കുന്നതെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പേരാവൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് സണ്ണി ജോസഫ്



ക്രിസ്ത്യന്‍ സമൂഹം, പ്രത്യേകിച്ച് കത്തോലിക്കാ സഭ, സംസ്ഥാനത്തെ കോണ്‍ഗ്രസുമായി അകല്‍ച്ചയിലാണ്. എ കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കാലഘട്ടത്തിന് ശേഷം, കോണ്‍ഗ്രസ് നേതൃത്വത്തില്‍ ക്രൈസ്തവ നേതാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ല എന്നതാണ് അതൃപ്തിക്ക് കാരണം. സഭകള്‍ ഇക്കാര്യം പലതവണ നേതൃത്വത്തെ അറിയിച്ചിരുന്നു.



കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ നോമിനി എന്ന നിലയില്‍ ആരുടെയും പേര് പരസ്യമായി വെളിപ്പെടുത്താന്‍ സഭാ നേതൃത്വം വിസമ്മതിച്ചു. എന്നാല്‍ സണ്ണി ജോസഫിനെ പിന്തുണയ്ക്കുന്നതായാണ് റിപ്പോര്‍ട്ട്. സഭാ അധികാരികളുമായി നല്ല അടുപ്പം പുലര്‍ത്തുന്ന സണ്ണി പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ഗുഡ് ബുക്കിലും ഇടംനേടിയ നേതാവാണ്. നിലവില്‍ നിയമസഭയില്‍ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയാണ്. സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന സണ്ണിജോസഫിന് ഏതാണ്ട് എല്ലാ കത്തോലിക്കാ ബിഷപ്പുമാരുടെയും പിന്തുണ ലഭിച്ചതായാണ് വിവരം.



കോണ്‍ഗ്രസ് പുനഃസംഘടനാ വേളയില്‍ കത്തോലിക്കാ സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ അറിയിച്ചിട്ടുണ്ട്. സമുദായത്തിന് അതിന്റെ ശക്തികേന്ദ്രങ്ങളില്‍ പോലും മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ജേക്കബ് ജി പാലക്കപ്പിള്ളി പറഞ്ഞു. അതേസമയം പുനഃസംഘടന സംബന്ധിച്ച് കോണ്‍ഗ്രസ് കടുത്ത ആശയക്കുഴപ്പത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.




അകന്നു നില്‍ക്കുന്ന ക്രൈസ്തവ സഭകളെ പാര്‍ട്ടിയോട് അടുപ്പിക്കാനായി സഭകളുടെ നിര്‍ദേശം അംഗീകരിക്കണോ, അതോ കെ സുധാകരന് പകരം ഈഴവ വിഭാഗത്തില്‍ നിന്നുള്ള നേതാവിനെ പരിഗണിക്കണോ എന്നതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്. ഈഴവ സമുദായം ബിജെപിയോട് അടുക്കുന്നത് തടയുക ലക്ഷ്യമിട്ട് ആ സമുദായത്തില്‍ നിന്നുതന്നെ ഒരാളെ നേതൃസ്ഥാനത്ത് അവരോധിക്കണമെന്നാണ് ഈ വിഭാഗത്തെ അനുകൂലിക്കുന്നവരുടെ വാദം. എന്നാല്‍ കെപിസിസി പ്രസിഡന്റ് പദവിയില്‍ നിലവില്‍ മാറ്റം വേണ്ടെന്നാണ് കെ സുധാകരന്‍ അഭിപ്രായപ്പെടുന്നത്.







കേരളത്തിലെ കോണ്‍ഗ്രസില്‍ സമ്പൂര്‍ണ്ണ ഉടച്ചുവാര്‍ക്കല്‍ നടത്തണമെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് പദവിയിലേക്കും പുതിയ പേരുകള്‍ ഉയര്‍ന്നു വന്നത്. ക്രൈസ്തവ നേതാക്കളായ, എംപിമാരായ ആന്റോ ആന്റണി, ബെന്നി ബഹനാന്‍, റോജി എം ജോണ്‍ എംഎല്‍എ, ഈഴവ വിഭാഗത്തില്‍ നിന്നും അടൂര്‍ പ്രകാശ് എംപി, എസ് സി -എസ് ടി വിഭാഗത്തില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവരുടെ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി എം ലിജുവിന്റെ പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു വന്നിട്ടുണ്ട്

Post a Comment

أحدث أقدم
Join Our Whats App Group