Join News @ Iritty Whats App Group

ജിഫ്രി തങ്ങൾ മുശാവറ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയെന്ന വാർത്തകൾ അടിസ്ഥാനരഹിതം; വിശദീകരണവുമായി സമസ്ത


കോഴിക്കോട് നടന്ന മുശാവറ യോഗത്തിൽ നിന്നും അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇറങ്ങിപ്പോയെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സമസ്ത. യോഗം ഉച്ചയ്ക്ക് 1.30 വരെ നീണ്ടതോടെ സമയക്കുറവ് മൂലം മറ്റ് അജണ്ടകൾ ചർച്ച ചെയ്യാൻ ഒരു പ്രത്യേക യോഗം ചേരാൻ നിശ്ചയിക്കുകയാണ് ഉണ്ടായതെന്നും മറിച്ചുള്ള വാർത്തകൾ തെറ്റാണെന്നും സമസ്ത ജനറൽ സെക്രട്ടറി പത്രകുറിപ്പിൽ വിശദീകരിച്ചു.

യോഗ തീരുമാനങ്ങൾ കൃത്യമായി മാധ്യമങ്ങളെ തത്സമയം തന്നെ അറിയിച്ചിരുന്നു. യോഗം സംബന്ധിച്ച വിവരങ്ങൾ പത്രക്കുറിപ്പായും നൽകിയിട്ടുണ്ട്. തെറ്റായ വാർത്തകളിൽ ആരും വഞ്ചിതരാകരുതെന്നും ജനറൽ സെക്രട്ടറി പത്രക്കുറിപ്പിൽ പറഞ്ഞു.


ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരായ അച്ചടക്ക നടപടി ചർച്ച ചെയ്യുന്നതിനിടെയാണ് ജിഫ്രി തങ്ങൾ ഇറങ്ങിപ്പോയതെന്നാണ് വാർത്തകൾ വന്നത്. മുസ്‍ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ അധിക്ഷേപിച്ച് ഉമർ ഫൈസി അധിക്ഷേപ പരാമർശം നടത്തിയിരുന്നു. എടവണ്ണപ്പാറയിലെ മീലാദ് സമ്മേളനത്തിൽ വെച്ചായിരുന്നു പരാമർശം. യോഗ്യമില്ലാത്ത പലരും ഖാസിമാരായിട്ടുണ്ടെന്നും രാഷ്ട്രീയത്തിന്റെ പേരിൽ ഖാസിയാകാനും ചിലരുണ്ടെന്നുമായിരുന്നു ഉമർ ഫൈസിയുടെ വിവാദ പ്രസംഗം. പ്രസംഗം സംബന്ധിച്ച് സമസ്ത നേതൃത്വത്തിന് പരാതിയിലും ലഭിച്ചിരുന്നു. ലീഗ് നേതൃത്വവും കടുത്ത ഭാഷയിൽ ഇതിനോട് പ്രതികരിച്ചിരുന്നു.

വിഷയം ഇന്ന് യോഗത്തിൽ ചർച്ച ചെയ്യുന്നതിനിടെ ഉമർ ഫൈസിയോട് യോഗത്തിൽ നിന്നും പുറത്ത് പോകാൻ ജിഫ്രി തങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ഇത് അനുസരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഇതോടെ മറ്റൊരു മുശവറ അംഗമായ ബഹവുദ്ദീൻ നദ്വി ഉമർ ഫൈസിക്കെതിരെ രംഗത്തെത്തി. പ്രസിഡന്റ് പറഞ്ഞിട്ടും യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഇതോടെ ക്ഷുഭിതനായ ഉമർ ഫൈസി നിങ്ങൾ കള്ളൻമാർ പറയുന്നത് പോലെ ചെയ്യാൻ തനിക്ക് സാധിക്കില്ലെന്ന് മറുപടി നൽകിയത്രേ. ഇതാണ് ജിഫ്രി തങ്ങളെ ചൊടിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ ഇറങ്ങിപ്പോക്കിന് കാരണമായതെന്നുമാണ് റിപ്പോർട്ടുകൾ.

അതേസമയം യോഗത്തിന് ശേഷം ജിഫ്രി തങ്ങൾ മാധ്യമങ്ങളെ കണ്ടെങ്കിലും ഇത് സംബന്ധിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. എന്നാൽ സമസ്തയിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഭിന്നത പരിഹരിക്കാനായി പ്രത്യേക മുശാവറ യോഗം ചേരുമെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. രണ്ടാഴ്ചക്കകം യോഗം ചേരുമെന്നാണ് വിവരം. ഇന്ന് ചേർന്ന യോഗത്തിൽ ഇരുപക്ഷവും പരാതികൾ ബോധിപ്പിച്ചതായി ജിഫ്രി തങ്ങൾ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group