Join News @ Iritty Whats App Group

തെരഞ്ഞെടുപ്പ്‌: ഇ-രേഖകള്‍ ഇനി പൊതുജനത്തിനില്ല, തെരഞ്ഞെടുപ്പ്‌ ചട്ടം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സര്‍ക്കാര്‍


ന്യൂഡല്‍ഹി: സി.സി.ടിവി ക്യാമറകള്‍, വെബ്‌കാസ്‌റ്റിങ്‌ ദൃശ്യങ്ങള്‍, സ്‌ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിങ്ങുകള്‍ തുടങ്ങി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഇലക്‌ട്രോണിക്‌ രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത്‌ തടയാന്‍ തെരഞ്ഞെടുപ്പ്‌ ചട്ടം ഭേദഗതി ചെയ്‌ത്‌ കേന്ദ്ര സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌ രേഖകള്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ശിപാര്‍ശയുടെ അടിസ്‌ഥാനത്തിലാണു മാറ്റമെന്നാണു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

1961 ലെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിലെ ചട്ടം 93 (2) (എ) ആണു കേന്ദ്ര നിയമ മന്ത്രാലയം ഭേദഗതി ചെയ്‌തത്‌. ചട്ടം 93 പ്രകാരം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതു പരിശോധനയ്‌ക്കു വിധേയമാക്കാം. ഭേദഗതി അനുസരിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അനുവദിക്കുന്ന രേഖകള്‍ മാത്രമേ ഇനി പൊതുജനങ്ങള്‍ക്ക്‌ പരിശോധിക്കാന്‍ അനുമതിയുണ്ടാകുകയുള്ളൂ. ഭേദഗതി തെരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന്‌ ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്‌ അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

നാമനിര്‍ദേശ പത്രികകള്‍, തെരഞ്ഞെടുപ്പ്‌ ഏജന്റുമാരുടെ നിയമനം, ഫലങ്ങള്‍, തെരഞ്ഞെടുപ്പ്‌ അക്കൗണ്ട്‌ പ്രസ്‌താവനകള്‍ തുടങ്ങിയ രേഖകള്‍ തുടര്‍ന്നും ലഭ്യമാകും. എന്നാല്‍, സി.സി.ടിവി ക്യാമറ ഫൂട്ടേജ്‌, വെബ്‌കാസ്‌റ്റിങ്‌ ഫൂട്ടേജ്‌, സ്‌ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോഡിങ്‌ തുടങ്ങിയ ഇലക്‌ട്രോണിക്‌ രേഖകള്‍ ഇനി പൊതുജനങ്ങള്‍ക്കു ലഭിക്കില്ല.

പോളിങ്‌ ബൂത്തുകള്‍ക്കുള്ളില്‍നിന്നുള്ള സി.സി.ടിവി ക്യാമറ ദൃശ്യങ്ങള്‍ പൊതുജനത്തിനു ലഭ്യമാക്കുന്നത്‌ വോട്ടിങ്ങിന്റെ രഹസ്യസ്വഭാവത്തെ ബാധിക്കുമെന്നാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വിശദീകരണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്‌ ഉപയോഗിച്ച്‌ വ്യാജ വിവരണം സൃഷ്‌ടിക്കാന്‍ അവ ഉപയോഗിച്ചേക്കാമെന്ന ആശങ്കയും അവര്‍ പങ്കുവയ്‌ക്കുന്നു. എന്നാല്‍, സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ എല്ലാ രേഖകളും ലഭ്യമാണ്‌. ഇതുമായി ബന്ധപ്പെട്ട്‌ ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയിട്ടില്ലെന്നും ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദമാണു നിയമഭേദഗതിയിലേക്കു നയിച്ചത്‌. മഹ്‌മൂദ്‌ പ്രാച എന്ന വ്യക്‌തി നല്‍കിയ അപേക്ഷയില്‍ ചട്ടം 93 (2) പ്രകാരം സി.സി.ടിവി ക്യാമറ ഫൂട്ടേജുകള്‍ ഉള്‍പ്പെടെ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പങ്കിടാന്‍ പഞ്ചാബ്‌ ആന്‍ഡ്‌ ഹരിയാന ഹൈക്കോടതി തെരഞ്ഞെടുപ്പ്‌ കമ്മിഷനോട്‌ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഇലക്‌ട്രോണിക്‌ രേഖകളെ പ്രത്യേകമായി വിധിയില്‍ പരാമര്‍ശിക്കുന്നില്ലെന്നു തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ ഉദ്യോഗസ്‌ഥര്‍ നിലപാടെടുത്തു. ഈ അവ്യക്‌തത നീക്കുന്നതിനാണു ചട്ടം ഭേദഗതിക്ക്‌ ശിപാര്‍ശ നല്‍കിയതെന്നാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ വിശദീകരണം.

എന്നാല്‍, പുതിയ ഭേദഗതിക്കെതിരേ കോണ്‍ഗ്രസ്‌ രംഗത്തെത്തി. തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ സുതാര്യതയെ ഭയപ്പെടുന്നത്‌ എന്തുകൊണ്ടാണെന്നു കോണ്‍ഗ്രസ്‌ നേതാവ്‌ ജയ്‌റാം രമേഷ്‌ ആരാഞ്ഞു. പഞ്ചാബ്‌ ഹരിയാന ഹൈക്കോടതിയുടെ വിധി അനുസരിക്കുന്നതിനുപകരം, പങ്കിടാന്‍ കഴിയുന്ന കാര്യങ്ങളുടെ പട്ടിക കുറയ്‌ക്കുന്നതിനായി നിയമം ഭേദഗതി ചെയ്യാന്‍ തിടുക്കം കൂട്ടുന്നു. സുതാര്യതയെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ എന്തിനാണ്‌ ഭയപ്പെടുന്നത്‌? - അദ്ദേഹം ആരാഞ്ഞു.

Ads by Google

Post a Comment

أحدث أقدم
Join Our Whats App Group