Join News @ Iritty Whats App Group

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയില്‍ മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു




വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരിച്ച മൂന്ന് പേരെ കൂടി തിരിച്ചറിഞ്ഞു. ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധനയിലാണ് ആളുകളെ തിരിച്ചറിഞ്ഞത്. മുണ്ടക്കൈ സ്വദേശികളായ ഫാത്തിമ, നുസ്രത്ത് ബാൻഷ, ചൂരൽമല സ്വദേശി പാത്തുമ്മ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. നിലമ്പൂർ പോത്തുകല്ല് ഭാഗങ്ങളിൽ നിന്നായിരുന്നു ഇവരുടെ ശരീരഭാഗങ്ങൾ ലഭിച്ചത്.

ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 40 ലേറെ പേര്‍ ഇനിയും കാണാമറയത്താണ്. ദുരന്തത്തിൽ കാണാതായ 47 പേരെ ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. എന്നാല്‍ തെരച്ചില്‍ എവിടെയും നടക്കുന്നില്ല. മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയ സൂചിപ്പാറ, ആനടികാപ്പ് മേഖലയില്‍ തെരച്ചില്‍ നടത്തണമെന്ന ആവശ്യം മുൻപ് കാണാതായവരുടെ ബന്ധുക്കള്‍ ചീഫ് സെക്രട്ടറിയോട് ഉന്നയിച്ചിരുന്നു.

ഇത് അനുസരിച്ച് തെരച്ചില്‍ നടത്തിയപ്പോള്‍ അഞ്ച് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. മറ്റൊരു ദിവസവും തെരച്ചില്‍ നടന്നെങ്കിലും അത് തുടരാൻ അധികൃതർ തയ്യാറായില്ല. ദുരന്തത്തില്‍ കാണാതായവർക്കുള്ള തെരച്ചില്‍ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാക്കി വയനാട്ടിലെ പ്രതിപക്ഷ പാർട്ടികള്‍ രംഗത്തെത്തിയിരുന്നു.

ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും, വയനാടിനായി പ്രത്യേക പാക്കേജ് അനുവദിക്കണം എന്നും കേരളം ആവശ്യം മുൻപേ തന്നെ ഉയർത്തിയിരുന്നു. എന്നാല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ല എന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് ആവശ്യമെങ്കില്‍ വയനാടിനായി ചിലവഴിക്കാമെന്നും കേന്ദ്രം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നു. പ്രത്യേക പാക്കേജ് എന്ന ആവശ്യത്തോട് ദുരന്തം നടന്ന് നാല് മാസമായിട്ടും കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു. 2024 ജൂലൈ 30നായിരുന്നു നാടിനെ നടുക്കിയ ചൂരല്‍മല-മുണ്ടക്കൈ ദുരന്തമുണ്ടാകുന്നത്. മേപ്പാട് പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുഞ്ചിരിമറ്റം, കുഞ്ഞോം എന്നിവിടങ്ങളില്‍ പുലര്‍ച്ചയോടെ ഒന്നിലധികം തവണ ഉരുള്‍ പൊട്ടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group