ആലപ്പുഴ: ആറ് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ജീവൻ നഷ്ടമായ ആലപ്പുഴ കളർകോഡ് അപകടത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ഹോസ്റ്റലിനെതിരെ അപകടത്തിൽ മരിച്ച ആൽബിൻ ജോർജിന്റെ അമ്മ. ഹോസ്റ്റലിൽ കയറാനുള്ള സമയം 7.30 ആണെന്നാണ് നിബന്ധന. അങ്ങനെ ഇരിക്കെ അപകടസമയത്ത് അതായത് ഒൻപത് മണിക്ക് ശേഷവും വിദ്യാർത്ഥികൾ പുറത്ത് പോയത് ഹോസ്റ്റൽ അധികൃതർക്ക് ഉണ്ടായ വീഴ്ചയാണെന്നും വിദ്യാർത്ഥികൾക്ക് തോന്നുംപടി പുറത്ത് പോകാനുള്ള അനുമതി നൽകരുതെന്നും ആൽബിന്റെ അമ്മ മീന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ആൽബിൻ മരിച്ചത്.
ഹോസ്റ്റലിൽ ആവുമ്പോൾ എപ്പോഴും കേറി വരാം ഇറങ്ങിപ്പോകാം എന്ന സ്ഥിതിയാണ്. താനൊപ്പിട്ട് നൽകിയ റൂൾസ് ആൻ്റ് റെഗുലേഷൻസ് ഉണ്ട്. അതിൽ ഏഴരയ്ക്ക് കുട്ടികൾ കയറണമെന്നാണ്. എപ്പോൾ പുറത്തു പോയി, എപ്പോൾ കാറെടുത്തു എന്നതൊന്നും അറിയില്ല. ഇതെല്ലാം അറിയുന്നത് വാർത്ത കണ്ടിട്ടാണ് അറിയുന്നത്. ഹോസ്റ്റൽ അധികൃതരോടും സർക്കാർ അധികൃതരോടും പറയാനുള്ളത് ഹോസ്റ്റലിൽ താമസിക്കുമ്പോൾ മകൻ വീട്ടിലേക്കാൾ സുരക്ഷിതമായിരിക്കുമെന്നാണെന്നും ആൽബിൻ്റെ അമ്മ മീന പറഞ്ഞു.
പഠനത്തിനൊപ്പം കായിക വിനോദങ്ങളിലും തിളങ്ങിയിരുന്ന ആൽബിന് ഫുട്ബോൾ എന്നും ഹരമായിരുന്നു. സ്കൂൾതലം മുതൽ ഫുട്ബോളിനെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ആൽബിൻ ഗവണ്‍മെന്റ് ടിഡി മെഡിക്കൽ കോളേജ് ഫുട്ബോൾ ടീമിലും അംഗമായിരുന്നു. കോളേജ് അങ്കണത്തിലെ ഫുട്ബോൾ കോർട്ടിനെക്കുറിച്ച് മാതാവിനോട് വാതോരാതെ സംസാരിച്ചിരുന്ന ആൽബിന്റെ മൃതദേഹത്തിൽ കോളേജ് ടീമിന്റെ ചുവന്ന ജേഴ്സിയും സ്റ്റെതസ്കോപ്പും ധരിപ്പിച്ചാണ് ഉറ്റവരും സുഹൃത്തുക്കളും അന്ത്യയാത്ര നൽകിയത്.
ആലപ്പുഴ ടിഡി മെഡിക്കൽ കോളേജിലെ ആദ്യവർഷ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ കഴിഞ്ഞ ദിവസം ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപത്തു വെച്ച് ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആൽബിനെ വിദഗ്ദ ചികിത്സയ്ക്കായി എറണാകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ഈ അപകടത്തിൽ ആൽബിനെ കൂടാതെ അഞ്ച് വിദ്യാർഥികൾ മരിക്കുകയും മറ്റ് അഞ്ച് വിദ്യാർത്ഥികൾക്ക് ഗുരുതരമായ പരിക്ക് ഏൽക്കുകയും ചെയ്തിരുന്നു.
إرسال تعليق