ഹൈദരാബാദ്: കാണാതായ വനിതാ കോൺസ്റ്റബിളിന് വേണ്ടിയുള്ള തിരച്ചിലിനിടെ തെലങ്കാന പൊലീസ് കണ്ടെത്തിയത് മൂന്ന് പേരുടെ മൃതദേഹങ്ങൾ. വിശദമായ തിരച്ചിലിനൊടുവിൽ സബ് ഇൻസ്‌പെക്ടർ, വനിതാ കോൺസ്റ്റബിൾ, കമ്പ്യൂട്ടർ ഓപ്പറേറ്റർ എന്നിവരുടെ മൃതദേഹങ്ങളാണ് പൊലീസിന് ലഭിച്ചത്. ഹൈദരാബാദിൽ നിന്ന് 116 കിലോമീറ്റർ അകലെയുള്ള കാമറെഡ്ഡി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് മൂന്ന് പേരെ കാണാതായത്. വനിതാ പൊലീസ് കോൺസ്റ്റബിൾ ശ്രുതി, ബിബി നഗർ സ്വദേശി നിഖിൽ, ബിക്‌നൂർ പിഎസ് എസ്ഐ സായികുമാർ എന്നിവരെയാണ് കാണാതായത്. തുടർന്ന് കാമറെഡ്ഡി നഗരത്തിന് സമീപമുള്ള അഡ്‌ലൂർ യെല്ലറെഡ്ഡിയിലെ ഒരു തടാകത്തിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് എസ്ഐ ഉൾപ്പെടെയുള്ളവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരെയും കാണാതായതിനെ തുടർന്ന് ഇവരുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. മൂന്ന് പേരും കാണാതാകുന്നതിന് മുമ്പ് പരസ്പരം ഫോൺ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. മൂവരുടെയും ദുരൂഹ മരണം അപകടമാണോ ആത്മഹത്യയാണോ അതോ മറ്റെന്തെങ്കിലും കാരണത്താലാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ബുധനാഴ്ച ശ്രുതിയ്ക്ക് അവധിയായിരുന്നു. രാവിലെ 11 മണിയായിട്ടും ശ്രുതി വീട്ടിൽ തിരിച്ചെത്താതെ വന്നതോടെ കുടുംബം ആശങ്കയിലായി. ശ്രുതി വീട്ടിൽ എത്താത്തതിനെ തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. മൊബൈൽ സിഗ്നലുകൾ ഉപയോഗിച്ച് എസ്ഐയെയും ശ്രുതിയെയും ബന്ധപ്പെടാൻ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൊബൈൽ ഫോൺ സിഗ്നലുകൾ ട്രാക്ക് ചെയ്‌ത ശേഷമാണ് പൊലീസ് സംഘം തടാകത്തിലെത്തിയത്. രണ്ട് ജോഡി പാദരക്ഷകളും രണ്ട് മൊബൈൽ ഫോണുകളും തടാകത്തിന്റെ തീരത്ത് നിന്ന് പൊലീസ് കണ്ടെത്തിയെന്ന് കാമറെഡ്ഡി എസ്പി സിന്ധു ശർമ്മ പറഞ്ഞു. രണ്ട് പേരുമായും ശ്രുതിയ്ക്ക് പ്രൊഫഷണൽ ബന്ധമുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മരണ കാരണം കണ്ടെത്താൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പൊലീസ്.
إرسال تعليق