Join News @ Iritty Whats App Group

സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെയിലെ വിഎച്ച്പി ഭീഷണി, ഡിവൈഎഫ്ഐയും യൂത്ത് കോൺഗ്രസും ഇന്ന് പ്രതിഷേധ കരോൾ നടത്തും




പാലക്കാട്: ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചതിന് പാലക്കാട്ടെ സർക്കാർ സ്കൂളിന് നേരെ വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഭീഷണിയുയർത്തിയതിനെതിരെ പ്രതിഷേധം ശക്തം. വി എച്ച് പി ജില്ലാ സെക്രട്ടറി അടക്കമുള്ളവർ അറസ്റ്റിലായ സംഭവത്തിൽ യുവജന സംഘടനകളായ ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസുമടക്കം ഇന്ന് ശക്തമായ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് സ്കൂളിന് മുന്നില്‍ ക്രിസ്മസ് കരോൾ നടത്തുമെന്നാണ് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ചിട്ടുള്ളത്.

ഐക്യദാർഢ്യ കരോൾ നടത്താനാണ് യൂത്ത് കോൺഗ്രസ്‌ ചിറ്റൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. തിങ്കളാഴ്ച കാലത്ത് 10 മണിക്ക് ഐക്യദാർഢ്യ കരോൾ നടത്തുമെന്ന് മണ്ഡലം ഭാരവാഹികൾ അറിയിച്ചു. ഡി വൈ എഫ് ഐ കരോളും രാവിലെ നല്ലേപ്പുള്ളിയിൽ നടക്കും. വിശ്വഹിന്ദു പരിഷത്തിൻറെ നേതൃത്വത്തിൽ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞത് കേരളത്തിൻറെ മതേതര മനസിന് കളങ്കം വരുത്തിയ സംഭവമാണെന്ന് ഡി വൈ എഫ് ഐ പാലക്കാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംഘ് പരിവാ൪ ഉത്തരേന്ത്യയിൽ നടപ്പാക്കുന്ന ധ്രുവീകരണ രാഷ്ട്രീയം കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിൻറെ ഭാഗമാണിത്. ഇതിനെതിരെ ശക്തമായ പ്രതിരോധം തീ൪ക്കാൻ മതേതര സമൂഹം തയാറാകും. സംഘ്പരിവാറിൻറെ ധ്രുവീകരണ രാഷ്ട്രീയത്തിന് മുന്നിൽ മുട്ടുമടക്കാൻ മനസ്സില്ലാത്ത നാടാണ് മതേതര കേരളം. അതിനെ തക൪ക്കാൻ ഏത് സംഘ് പരിവാ൪ സംഘടകൾ വിചാരിച്ചാലും സാധിക്കില്. നാടിനെ വിഭജിക്കുന്ന വി എച്ച് പിയുടെ വ൪ഗീയതക്കെതിരെ സ്നേഹം കൊണ്ട് പ്രതിരോധം തീ൪ക്കാൻ നാളെ രാവിലെ ഒൻപതിന് നല്ലേപ്പുള്ളി സ്കൂളിന് മുന്നിൽ കരോൾ സംഘടിപ്പിക്കുമെന്നാണ് ഡി വൈ എഫ് ഐ ഭാരവാഹികൾ അറിയിച്ചത്. 


വിശദ വിവരങ്ങൾ ഇങ്ങനെ

പാലക്കാട് നല്ലേപ്പുള്ളി ഗവൺമെന്റ് യു പി സ്കൂളിലെ ക്രിസ്മസ് ആഘോഷമാണ് വി എച്ച് പി പ്രവർത്തകർ തടസ്സപ്പെടുത്തിയത്. സംഭവത്തിൽ വി എച്ച് പി ജില്ലാ സെക്രട്ടറി കെ അനിൽകുമാർ, ജില്ലാ സംയോജക് വി സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കെ വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷ കഴിഞ്ഞ് സ്കൂൾ മുറ്റത്ത് സാന്തക്ലോസിൻറെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മൂവ൪ സംഘം കടന്നു വന്നത്. ആദ്യം അധ്യാപകരോടും വിദ്യാ൪ത്ഥികളോടും പാട്ട് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ടു. ശേഷം അധ്യാപക൪ക്കടുത്തേക്കെത്തിയ സംഘം സാന്താതൊപ്പിയണിഞ്ഞതിനെയും വസ്ത്രധാരണത്തെപറ്റിയും ചോദ്യം ചെയ്തു. വിദ്യാ൪ഥികൾക്ക് മുന്നിൽ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞു. പരിപാടി നി൪ത്തി വെക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മൂവരും മടങ്ങിപ്പോയി. ആഘോഷങ്ങൾക്കിടയിലെ അപ്രതീക്ഷിതമായ സംഭവത്തിൻ്റെ ഞെട്ടലിലാണ് വിദ്യാ൪ത്ഥികളും അധ്യാപകരും രക്ഷിതാക്കളും. പ്രധാനാധ്യാപിക ജയന്തിയുടെ പരാതിയിൽ ചിറ്റൂ൪ പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മത സ്പ൪ധ വള൪ത്താനുള്ള ഉദ്ദേശത്തോടെ സ്കൂളിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ ഭീതിയിലാക്കി, അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group