Join News @ Iritty Whats App Group

അസാധാരണമായ തിരക്ക്, യാത്രക്കാർക്കായി പുതിയ ആപ്പ്; അതിവേഗ ക്ലിയറൻസ് സാധ്യമാക്കാൻ സജ്ജമായി ദുബൈ എയർപോർട്ട്


ദുബൈ: വരും ദിവസങ്ങളിലെ വന്‍ തിരക്ക് പരിഗണിച്ച് ദുബൈ വിമാനത്താവളത്തില്‍ കൂടുതല്‍ മുന്നൊരുക്കങ്ങള്‍. ദുബൈ കസ്റ്റംസ്, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ സംഘം വിപുലീകരിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ എയര്‍പോര്‍ട്ടില്‍ വിന്യസിച്ചിട്ടുണ്ട്.


വലിയ ലഗേജുകൾക്കായി 58, ഹാൻഡ് ലഗേജുകൾക്കായി 19 എന്ന തോതിൽ 77 നൂതന പരിശോധനാ ഉപകരണങ്ങൾ അധികമായി വിമാനത്താവളത്തിൽ എത്തിച്ചു. യാത്രക്കാർക്ക് സാധനങ്ങൾ, വ്യക്തിഗത വസ്തുക്കൾ, സമ്മാനങ്ങൾ, കറൻസികൾ, പണം എന്നിവ മുൻകൂട്ടി അറിയിക്കാന്‍ അനുവദിക്കുന്ന സ്മാർട്ട് iDeclare ആപ്പ് കസ്റ്റംസ് അവതരിപ്പിച്ചിട്ടുണ്ട്. റെഡ് ചാനലിൽ കസ്റ്റംസ് ക്ലിയറൻസ് സമയം നാല് മിനിറ്റിൽ താഴെയായി ചുരുക്കുന്നതിന് ഈ ആപ്പ് സഹായിക്കും. ക്ലിയറൻസിന് മുൻപുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാന്‍ ഇത് സഹായിക്കുന്നു.


നൂതന ഡിജിറ്റല്‍ സംവിധാനങ്ങള്‍ അവതരിപ്പിച്ചും കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിച്ചും തിരക്കേറിയ ദിവസങ്ങളില്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ സജ്ജമായിരിക്കുകയാണ് ദുബൈ കസ്റ്റംസ്. ഡിസംബര്‍ 13 മുതല്‍ 31 വരെ ദുബൈ വിമാനത്താവളത്തില്‍ അസാധാരണമായ തിരക്ക് അനുഭവപ്പെടുമെന്ന് നേരത്തെ തന്നെ എയര്‍പോര്‍ട്ട് അധികൃതര്‍ മുന്നറിയിുപ്പ് നല്‍കിയിരുന്നു. ഈ കാലയളവില്‍ 52 ലക്ഷം പേരാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നു പോകുക. ദിവസേന ശരാശരി 274,000 യാത്രക്കാര്‍ കടന്നുപോകുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ ഡിസംബര്‍ 20, 22 തീയതികളില്‍ യാത്രക്കാരുടെ എണ്ണം 880,000 ആകുമെന്ന് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു.  


അവധി ദിവസങ്ങളും ആഘോഷങ്ങളും പോലെ തിരക്കേറിയ യാത്രാ സീസണുകളിൽ ഏറ്റവും ഉയർന്ന സുരക്ഷയും കാര്യക്ഷമതയും നിലനിർത്തി സുഗമമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുന്ന സമീപനമാണ് കസ്റ്റംസ് സ്വീകരിക്കുന്നതെന്ന് ദുബൈ കസ്റ്റംസിലെ പാസഞ്ചർ ഓപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ഖാലിദ് അഹമ്മദ് ഖൗരി പറഞ്ഞു. ദുബൈ കസ്റ്റംസ് വെബ്‌സൈറ്റായ dubaicustoms.gov.ae വഴി യാത്രക്കാർക്ക് ആവശ്യമായ വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രക്കാർക്ക് എന്ത് കൊണ്ടുവരാം, നിരോധിത ഇനങ്ങൾ, ഡ്യൂട്ടി-ഫ്രീ ഇളവുകൾ, അധിക ബാഗേജ് നയങ്ങൾ എന്നിവ വിശദീകരിക്കുന്ന കസ്റ്റംസ് ഗൈഡ് ഉൾപ്പെടെയുള്ളവ വെബ്‌സൈറ്റിൽ‌ ലഭ്യമാണ്.

Post a Comment

أحدث أقدم
Join Our Whats App Group