പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. കൂടല്‍ മുറിഞ്ഞ കല്ലില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ശബരിമല ഭക്തര്‍ സഞ്ചരിച്ച മിനി ബസ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പുലര്‍ച്ചെ 4.15 നായിരുന്നു അപകടം സംഭവിച്ചത്. കോന്നി മല്ലശ്ശേരി സ്വദേശികളായ ഈപ്പന്‍ മത്തായി, നിഖിന്‍ (29), അനു (26), ബിജു പി. ജോര്‍ജ് എന്നിവരാണ് മരിച്ചത്. മലേഷ്യയില്‍ മധുവിധുവിന് പോയ ശേഷം മടങ്ങിയെത്തിയതായിരുന്നു അനുവും നിഖിലും. ഇവരെ വിമാനത്താവളത്തില്‍ നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു ബിജുവും ഈപ്പന്‍ മത്തായിയും.കാനഡയിലാണ് നിഖില്‍ ജോലി ചെയ്യുന്നത്. വിവാഹശേഷം ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ തയ്യാറെടുക്കുകയായിരുന്നു നിഖില്‍.
അനുവിന്റെ പിതാവാണ് ബിജു. നിഖിലിന്റെ പിതാവാണ് ഈപ്പന്‍ മത്തായി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കാര്‍ ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം നടന്ന ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കാറിന്റെ മുന്‍വശം ആകെ തകര്‍ന്ന നിലയിലായിരുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവസ്ഥലത്ത് വച്ചും ബാക്കി മൂവരും ആശുപത്രിയിലേക്കുള്ള വഴിയിലുമായി മരിച്ചത്.തിരിച്ചുവരുമ്‌ബോള്‍ വീടിന്റെ ഒരു കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായത്. നവംബര്‍ 30നായിരുന്നു നിഖിലിന്റെയും അനുവിന്റെയും വിവാഹം.
ആന്ധ്ര സ്വദേശികളായ ശബരിമല തീര്‍ഥാടകരാണ് ബസ്സിലുണ്ടായത്. ബസ്സിലുണ്ടായിരുന്ന പലര്‍ക്കും സാരമായ പരിക്കുണ്ട്. പ്രാഥമിക ചികിത്സക്കായി ഇവരെ കോന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. അപകടകാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അശാസ്ത്രീയമായ റോഡ് നിര്‍മാണമാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.
إرسال تعليق