പാലക്കാട്: പാലക്കാട് കല്ലടിക്കോട് പനയമ്പാടത്തുണ്ടായ അപകടത്തിൽ കണ്‍മുന്നിൽ വെച്ച് ഉറ്റ സുഹൃത്തക്കളായ നാല് പേര്‍ മരിച്ചതിന്‍റെ ഞെട്ടലിൽ മാറാതെ അജ്ന ഷെറിൻ. അപകടം നടന്നത് ഇര്‍ഷാനയുടെ അമ്മയുടെ കണ്‍മുമ്പില്‍ വെച്ചായിരുന്നുവെന്ന് അജ്ന പറയുന്നു. അമിത വേഗത്തില്‍ വന്ന ലോറിയിടിച്ച് സിമന്‍റ് ലോറി മറിയുകയായിരുന്നു. തന്‍റെ തൊട്ടപ്പുറത്താണ് ലോറി മറിഞ്ഞത്. കുഴിയില്‍ വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
എന്നും ഒന്നിച്ചായിരുന്ന കൂട്ടുകാരികളുടെ ജീവനെടുത്ത അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് അജ്ന ഷെറിൻ രക്ഷപ്പെട്ടത്. സ്കൂള്‍ വിട്ടശേഷം കടയിൽ നിന്ന് ഐസും സിപ്പപ്പുമൊക്കെ വാങ്ങിയശേഷമാണ് നടന്നുപോയിരുന്നത്. ഇതിനിടെയാണ് അപകടമുണ്ടായത്. മറ്റൊരു ലോറി ഇടിച്ചാണ് സിമന്‍റ് ലോറി മറിഞ്ഞത്. ഒപ്പമുണ്ടായിരുന്ന നാല് പേരും ലോറിയുടെ അടിയിൽ കുടുങ്ങുകയായിരുന്നു. ഞാൻ കുറച്ച് പുറകിലായിരുന്നു. അപകടമുണ്ടായപ്പോള്‍ താൻ കുഴിയിലേക്ക് വീണതിനാലാണ് രക്ഷപ്പെട്ടതെന്നും അജ്ന ഷെറിൻ പറയുന്നു. കുഴിയിൽ നിന്ന് പിന്നീട് എങ്ങനെയൊക്കെയൊ കയറി സമീപത്തുള്ള വീട്ടിലേക്ക് കയറുകയായിരുന്നുവെന്നും അജ്ന പ്രതികരിച്ചു.
ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാട് വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു. പള്ളിപ്പുറം ഹൗസിലെ അബ്ദുൽ സലാം- ഫാരിസ ദമ്പതികളുടെ മകൾ ഇർഫാന ഷെറിൻ, പട്ടേത്തൊടിയിൽ അബ്ദുൽ റഫീഖ്-ജസീന ദമ്പതികളുടെ മകൾ റിദ ഫാത്തിമ്മ, കവളെങ്ങൽ ഹൗസിലെ അബ്ദുൽ സലീം- നബീസ ദമ്പതികളുടെ മകൾ നിദ ഫാത്തിമ്മ, അത്തിക്കൽ ഹൗസിലെ ഷറഫുദ്ദീൻ-സജ്ന ദമ്പതികളുടെ മകൾ ഐഷ എന്നിവരാണ് മരിച്ചത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളായിരുന്നു നാല് പേരും. വൈകിട്ട് പരീക്ഷ കഴിഞ്ഞ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി വിദ്യാഥിനികളുടെ നേരെ പാഞ്ഞുകയറുകയായിരുന്നു. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.
മരിച്ച ഇര്‍ഫാന ഷെറിൻ അബ്ദുൽ സലാമിൻ്റെ മൂന്ന് മക്കളിൽ മൂത്തയാളാണ്. സ്വന്തമായി പൊടിമില്ല് നടത്തിയായിരുന്നു ഉപജീവനം. ഓട്ടോ ഡ്രൈവറായ റഫീഖിൻ്റെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഉൾപ്പെടെ മൂന്നുപേരായിരുന്നു മക്കൾ. മരിച്ച നിദ ഫാത്തിമയുടെ പിതാവ് പ്രവാസിയായ അബ്ദുൽ സലീം അടുത്തിടെയാണ് നാട്ടിലെത്തിയത്. രണ്ട് മക്കളിൽ ഏകമകളെയാണ് ഇവർക്ക് നഷ്ടമായത്. പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീൻറെ രണ്ടാമത്തെ മകളാണ് മരിച്ച ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. സബ്ജില്ല സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ സ്കൂൾ ടീമിൻറെ മണവാട്ടിയായിരുന്നു. എ ഗ്രേഡും ലഭിച്ചു. വരുന്ന 21 ന് സ്കൂളിൻ്റെ കെട്ടിടോദ്ഘാടനത്തിലും മണവാട്ടിയായി ഒരുങ്ങാനുള്ള തയാറെടുപ്പിലായിരുന്നു ആയിഷ. അതിനിടെയിലാണ് നിയന്ത്രണം വിട്ടെത്തിയ ലോറി ആ കുരുന്ന് ജീവനെടുത്തത്.
إرسال تعليق