Join News @ Iritty Whats App Group

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു



ദില്ലി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു. 92 വയസായിരുന്നു. ദില്ലി എയിംസിൽ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്നു. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധരിൽ ഒരാളായിരുന്നു. അധ്യാപകനായി തുടങ്ങി പ്രധാനമന്ത്രി പദം വരെയെത്തിയ മഹദ് വ്യക്തിത്വമാണ് ഓർമ്മയാകുന്നത്.

രാജ്യത്തിന്റെ സാമ്പത്തിക രംഗത്തെ ഉടച്ചുവാർത്ത ധനമന്ത്രിയായും ലൈസൻസ് രാജ് ഇല്ലാതാക്കിയ ധനമന്ത്രിയെന്നും പേരെടുത്ത അദ്ദേഹം സാമ്പത്തിക ഉദാരവത്കരണ നയങ്ങൾ നടപ്പാക്കിയതിലൂടെ ശ്രദ്ധേയനായി. ജവഹർലാൽ നെഹ്റുവിന് ശേഷം 5 വർഷം പൂർത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. 1932 സെപ്റ്റംബർ 26ന് ഇപ്പോഴത്തെ പാകിസ്താനിലുള്ള പഞ്ചാബിലെ ഗാഹിൽ, സിഖ് കുടുംബത്തിലായിരുന്നു ജനനം. 1991ൽ നരസിംഹറാവു സർക്കാരിൽ ധനമന്ത്രിയായി അപ്രതീക്ഷിതമായി എത്തിയ അദ്ദേഹം ന്യൂനപക്ഷ സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദത്തിലെത്തിയ ആദ്യ വ്യക്തിയുമാണ്. ആദ്യ സിഖ് മതസ്ഥനായ പ്രധാനമന്ത്രിയുമാണ്. 1998 മുതൽ 2004 വരെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻ, റിസർവ് ബാങ്ക് ഗവർണർ എന്നീ പദവികളിലും പ്രവർത്തിച്ചിട്ടുണ്ട്.

ഗുർമുഖ് സിങും അമൃത് കൗറുമായിരുന്നു മൻമോഹൻ സിങിൻ്റെ മാതാപിതാക്കൾ. ചെറിയ പ്രായത്തിലേ അമ്മയെ നഷ്ടപ്പെട്ട് അച്ഛന്‍റെ സാമീപ്യവുമില്ലാതെ, മുത്തശ്ശിയുടെ വീട്ടിൽ വളർന്നതിനാൽ സിങ് ചെറുപ്പം മുതലേ ഉൾവലിഞ്ഞ പ്രകൃതമായിരുന്നു. ജീവിതത്തിലെ ആദ്യ 12 വർഷവും വൈദ്യുതി ഇല്ലാത്ത ഗ്രാമത്തിലായിരുന്നു കഴിഞ്ഞത്. കിലോമീറ്ററുകളോളം നടന്ന് ഉർദു മാധ്യമം സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1947ലെ വിഭജനത്തിന്‍റെ സമയത്ത് കുടുംബം ഇന്ത്യയിലെ അമൃത്സറിലേക്ക് കുടിയേറി.

പഞ്ചാബ് സർവകലാശാലയിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ 1952ൽ ബിരുദവും 1954ൽ മാസ്റ്റർ ബിരുദവും ഒന്നാം റാങ്കിൽ നേടിയതിന് ശേഷം കേംബ്രിഡ്ജിൽ ഉപരിപഠനം നടത്തി. 1957ൽ കേംബ്രിഡ്ജ് സർവകലാശാലയിലെ സെന്‍റ് ജോൺസ് കോളേജിൽ നിന്നും എക്കണോമിക്സ് ട്രിപ്പോസ് നേടിയതിന് ശേഷം ഇന്ത്യയിലെത്തി. പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി ജോലിക്ക് ചേർന്നു.

 1958ലായിരുന്നു വിവാഹം. ഭാര്യ ഗുർശരൺ കൗർ. 1960 ഓക്സ്ഫോഡിൽ ഗവേഷണത്തിന് ചേർന്നു. 1962ൽ ഡോക്ടറേറ്റ് നേടിയതിന് ശേഷം വീണ്ടും പഞ്ചാബ് സർവകലാശാലയിൽ അധ്യാപകനായി. ലണ്ടനിലെ ഉപരിപഠനം സ്പോൺസർ ചെയ്ത പഞ്ചാബ് സർവകലാശാലയുമായുള്ള കരാർ പ്രകാരമാണ് 1966 വരെ അവിടെ അധ്യാപകനായി ജോലി ചെയ്തത് 1966-69 കാലത്ത് ഐക്യരാഷ്ട്ര സഭയുടെ ട്രേഡ് ആൻ്റ് ഡെവലപ്മെൻ്റിൽ പ്രവർത്തിച്ചു. 1969ൽ ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പ്രൊഫസറാകാൻ ഗുരുനാഥനായ ഡോക്ടർ കെ എൻ രാജ് ക്ഷണിച്ചപ്പോൾ ഐക്യരാഷ്ട്രസഭയിലെ ശോഭനമായ പദവി ഉപേക്ഷിച്ചു. 

1969-71 കാലത്ത് ഡൽഹി സ്കൂൾ ഓഫ് എക്കണോമിക്സിൽ പ്രൊഫസറായി. ഇതേ കാലത്ത് വിദേശ വ്യാപാര മന്ത്രാലയത്തിൽ ഉപദേശകനുമായിരുന്നു. 1972ൽ ധനകാര്യ മന്ത്രാലയത്തിൽ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി. 1976 ൽ ധനകാര്യ മന്ത്രാലയ സെക്രട്ടറിയായി. 1980-82 – ആസൂത്രണ കമ്മീഷൻ അംഗമായി. 1982 ൽ ഇന്ദിര ഗാന്ധി മന്ത്രിസഭയിൽ പ്രണബ് മുഖർജി ധനകാര്യ മന്ത്രിയായിരിക്കെ റിസർവ് ബാങ്ക് ഗവർണറായി നിയമനം ലഭിച്ചു. 1985 വരെ റിസർവ് ബാങ്ക് ഗവർണർ ആയി തുടർന്നു.

പിന്നീട് 1985-87 കാലത്ത് ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷനായി ചുമതലയേറ്റു. പക്ഷെ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മൻമോഹൻ സിങിനോട് മതിപ്പില്ലായിരുന്നു. ആസൂത്രണ കമ്മീഷനെ കോമാളി സംഘം എന്ന് രാജീവ് ഗാന്ധി വിമർശിച്ചതിൽ പ്രതിഷേധിച്ച് രാജിവെക്കാൻ ഒരുങ്ങിയ മൻമോഹൻ സിങിനെ ഏറെ പണിപെട്ടാണ് പിൻതിരിപ്പിച്ചതെന്ന് മുൻ ആഭ്യന്തര സെക്രട്ടറിയും സിഎജിയുമായിരുന്ന സി ജി സോമയ്യ ആത്മകഥയിൽ പറയുന്നുണ്ട്. 1987-90 കാലത്ത് ജനീവ ആസ്ഥാനമായി പ്രവർത്തിക്കുന്ന, സ്വതന്ത്ര സാമ്പത്തിക നയം പിൻതുടരുന്ന ബൗദ്ധിക കൂട്ടായ്മ, സൗത്ത് കമ്മീഷന്‍റെ സെക്രട്ടറി ജനറലായി അദ്ദേഹം പോയി.

ശേഷം 1990 നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തി. ചന്ദ്രശേഖർ സർക്കാരിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായതാണ് പിന്നീട് പ്രവർത്തിച്ചത്. 1991 മാർച്ച് മാസത്തിൽ യുജിസി ചെയർമാനായിരന്നു. 1991 ജൂണിൽ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ ധനമന്ത്രിയാവാൻ പുതിയ പ്രധാനമന്ത്രി നരസിംഹ റാവുവിൽ നിന്ന് അപ്രതീക്ഷിത ഫോൺ കോൾ മൻമോഹൻ സിങിനെ തേടിയെത്തി. ഇവിടെയാണ് മൻമോഹൻ സിങിന്‍റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. അസമിൽ നിന്നുള്ള രാജ്യസഭാംഗമായതാണ് കേന്ദ്രസർക്കാരിൽ അദ്ദേഹമെത്തിയത്. പിന്നീട് തുടർച്ചയായി 4 തവണ അസമിൽ നിന്നുള്ള രാജ്യസഭാംഗമായി. 

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് സിങ് ധനമന്ത്രിയാവുന്നത്. ധനകമ്മി ജിഡിപിയുടെ 8.5 % , വിദേശനാണ്യ കരുതൽ ശേഖരം കഷ്ടിച്ച് 2 ആഴ്ചത്തേക്കുകൂടി മാത്രം എന്ന സ്ഥിതിയായിരുന്നു അന്ന്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് വായ്പയെടുക്കാൻ രാജ്യം നിർബന്ധിതമായപ്പോൾ കടുത്ത സാമ്പത്തിക നടപടികളാണ് തിരികെ ഐഎംഎഫ് ആവശ്യപ്പെട്ടത്. ലൈസൻസ് രാജ് നീക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും മൻമോഹൻ സിങ് നിർബന്ധിതനായി. ഇറക്കുമതി ചുങ്കം കുറച്ചു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങളോട് മുഖം തിരിച്ച നേതാക്കളോട് പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.

Post a Comment

أحدث أقدم
Join Our Whats App Group