കരിമ്പ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എട്ടാംക്ലാസ്സില്‍ വിവിധ ഡിവിഷനുകളിലാണ് പഠിച്ചിരുന്നതെങ്കിലും കളിക്കാനും പഠിക്കാനും അവര്‍ എന്നും ഒരുമിച്ചായിരുന്നു. അടുത്തടുത്ത വീടുകളിലായി താമസിച്ചിരുന്ന നാലുപേരും മദ്രസ പഠനം മുതല്‍ തുടങ്ങിയ സൗഹൃദമായിരുന്നു. അവധിദിവസങ്ങളില്‍ എല്ലാവരും ഒന്നിച്ചുകൂടും. ചെറുളളിയെ ഒന്നാകെ സങ്കടക്കടലിലാക്കിയാണ് നാലുപേരും മരണത്തിലും വേര്‍പിരിഞ്ഞില്ല.
വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് കഷ്ടിച്ച് ഒരു കിലോമീറ്റര്‍ മാത്രമാണ് ദൂരമുള്ളത്. മമ്പ് മറ്റൊരു വഴിയിലൂടെ സ്‌കൂളിലേക്ക് പോയിരുന്ന അവര്‍ അടുത്തകാലത്താണ് ദേശീയപാതയിലൂടെ പോകാന്‍ തുടങ്ങിയത്. അപകടസ്ഥലത്ത് നിന്നും ഏതാനും ദൂരം കൂടി സഞ്ചരിച്ചാല്‍ നാലുപേരും വീട്ടില്‍ എത്തുമായിരുന്നു. കുട്ടികളെ തിരിച്ചറിയാതെയാണ് ആളുകള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഒരു കുട്ടിയുടെ വാച്ച് കണ്ടായിരുന്നു ബന്ധു തിരിച്ചറിഞ്ഞത്. പരീക്ഷ കഴിഞ്ഞ് നടന്നുപോകുമ്പോള്‍ കൂട്ടുകാരികളുടെ റൈറ്റിങ് പാഡും കുടയുമെല്ലാം അപകടത്തില്‍ രക്ഷപ്പെട്ട അജ്നയുടെ ബാഗിലായിരുന്നു. മാതാവിന്റെ കണ്‍മുന്നില്‍ വെച്ചായിരുന്നു ഇര്‍ഫാന അപകടത്തില്‍ മരണമടഞ്ഞത്.
ഇര്‍ഫാന സ്വന്തമായി പൊടിമില്ല് നടത്തുന്ന ഷെറിന്‍ അബ്ദുല്‍ സലാമിന്റെ മൂന്ന് മക്കളില്‍ മൂത്തയാളാണ്. ഓട്ടോ ഡ്രൈവറായ റഫീഖിന്റെ മൂത്ത മകളാണ് മരിച്ച റിദ ഫാത്തിമ. ഒരു ആണ്‍കുട്ടിയും ഉള്‍പ്പെടെ മൂന്നുപേരായിരുന്നു മക്കള്‍. അടുത്തിടെ നാട്ടിലെത്തിയ പ്രവാസിയായ അബ്ദുല്‍ സലീമിന്റെ രണ്ട് മക്കളില്‍ ഏകമകളാണ് മരിച്ച നിദ ഫാത്തിമ. പലചരക്ക് കട നടത്തുന്ന ഷറഫുദ്ധീന്റെ രണ്ടാമത്തെ മകളാണ് ആയിഷ. ഒരു സഹോദരിയും ഒരു സഹോദരനമുണ്ട്. വരുന്ന 21 ന് സ്‌കൂളിന്റെ കെട്ടിടോദ്ഘാടനം നടക്കാനിരിക്കെയാണ് നാലുപേരും മരണമടഞ്ഞത്.
إرسال تعليق