Join News @ Iritty Whats App Group

ഭണ്ഡാരത്തിൽ പണമിടുന്നതിനിടെ കൂടെ പോയത് ഐഫോൺ, തിരികെ ചോദിച്ചു, ക്ഷേത്ര അധികൃതരുടെ തീരുമാനത്തിൽ വലഞ്ഞ് യുവാവ്




ചെന്നൈ: നേർച്ചപ്പെട്ടിയിലേക്ക് അബദ്ധത്തിൽ വീണ ഫോൺ ക്ഷേത്രത്തിന്റേതെന്ന് അധികൃതർ വിശദമാക്കിയതോടെ വലഞ്ഞ് യുവാവ്. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിലാണ് യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണത്. 



വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ ഐ ഫോണാണ് നേർച്ചപ്പെട്ടിയിൽ വീണ് നഷ്ടമായത്. വെള്ളിയാഴ്ചയാണ് സംഭവം. ഫോൺ ക്ഷേത്രത്തിന്റേതെന്ന് വ്യക്തമാക്കിയ അധികൃതർ സിം തിരികെ നൽകിയ ശേഷം ഫോണിൽ നിന്ന് ഡാറ്റ ഡൌൺലോഡ് ചെയ്യാനും അനുവാദം നൽകുകയായികുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് കറൻസി നോട്ട് പുറത്ത് എടുക്കുമ്പോഴാണ് ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണത്. കഴിഞ്ഞ മാസം കുടുംബത്തിനൊപ്പം ക്ഷേത്ര സന്ദർശനത്തിന് എത്തിയതായിരുന്നു യുവാവ്. 



നേർച്ചപ്പെട്ടിയിൽ നിന്ന് ഫോൺ എടുക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് യുവാവ് ക്ഷേത്ര അധികാരികളുടെ സഹായം തേടിയത്. എന്നാൽ നേർച്ചപ്പെട്ടിയിൽ വീഴുന്നതെന്തും പ്രതിഷ്ഠയ്ക്ക് സ്വന്തമാണെന്നാണ് ക്ഷേത്ര അധികൃതർ യുവാവിനോട് വിശദമാക്കിയത്. ഇതോടെ നേർച്ചപ്പെട്ടി തുറക്കുന്ന സമയത്ത് അറിയിക്കണമെന്ന് യുവാവ് പരാതി എഴുതി നൽകുകയായിരുന്നു. രണ്ട് മാസം കൂടുമ്പോൾ മാത്രമാണ് നേർച്ചപ്പെട്ടി തുറക്കാറുള്ളതെന്ന് അധികൃതർ വ്യക്തമാക്കുകയും ചെയ്തു. വെള്ളിയാഴ്ച അധികൃതർ നേർച്ചപ്പെട്ടി തുറന്ന സമയത്ത് ദിനേശ് ഇവിടെയെത്തി ഫോൺ തിരികെ ആവശ്യപ്പെട്ടെങ്കിലും അധികൃതർ മുൻ നിലപാട് തുടരുകയായിരുന്നു. 



യുവാവ് ആവശ്യം ആവർത്തിച്ചതോടെ അധിതർ സിം തിരികെ നൽകുകയും ഫോണിലെ ഡാറ്റ ശേഖരിക്കാൻ യുവാവിനെ അനുവദിക്കുകയുമായിരുന്നു. എന്നാൽ ഇതിനോടകം മറ്റൊരു സിം യുവാവ് എടുത്തതിനാൽ ഫോണിനൊപ്പം സിം കാർഡും ക്ഷേത്ര അധികാരികൾക്ക് നൽകിയാണ് യുവാവ് മടങ്ങിയത്. എന്നാൽ നേർച്ചപ്പെട്ടി ഇരുമ്പ് വേലി കെട്ടി സംരക്ഷിച്ചിരിക്കുന്നതിനാൽ ഫോൺ എങ്ങനെ അബദ്ധത്തിൽ വീഴുമെന്നാണ് അധികൃതർ യുവാവിനോട് ചോദിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group