Join News @ Iritty Whats App Group

രാത്രി മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെ മൂന്ന് വയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു


സുല്‍ത്താന്‍ ബത്തേരി: മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ചു. നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് - അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ബീനാച്ചിയിലായിരുന്നു അപകടം. ഇവിടെയുള്ള ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.


ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മോഹന്‍ദാസിന് നിസാര പരുക്കേറ്റു. ബീനാച്ചി ക്ഷേത്രത്തിലെ മണ്ഡലകാല പൂജ ചടങ്ങുകള്‍ക്ക് കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍. ദീക്ഷിത് ആണ് ദ്രുപതിന്റെ സഹോദരന്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം നായ്‌ക്കെട്ടി നിരപ്പത്തെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group