തിരുവനന്തപുരം: അനധികൃതമായി ക്ഷേമ പെന്ഷന് കൈപ്പറ്റിയതില്‍ താഴേത്തട്ടിൽ നടപടി തുടരുന്നു. പൊതുഭരണ വകുപ്പിലെ ആറ് പാർട്ട് ടൈം സ്വീപ്പർമാരെ പിരിച്ചു വിടണമെന്ന് പൊതു ഭരണ അഡി. സെക്രട്ടറി നിർദേശം നൽകി. 18% പലിശ നിരക്കിൽ പണം തിരികെ പിടിക്കാനും നിർദേശിച്ചിട്ടുണ്ട്.
ക്ഷേമ പെന്ഷന് തട്ടിപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ദിവസം മണ്ണ് സംരക്ഷണ വകുപ്പിലെ ആറ് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്നലെ മണ്ണ് സംരക്ഷണ വകുപ്പിലെ നാല് പേര് പാര്‍ട്ട് ടൈം സ്വീപ്പര്മാർക്കെതിരെയും ഒരു വര്‍ക്ക് സൂപ്രണ്ടിനെതിരെയും ഒരു അറ്റന്ഡർക്കെതിരെയുമാണ് നടപടി സ്വീകരിച്ചത്.
എന്നാൽ ഇതുവരെ നടപടി എടുത്തതെല്ലാം താഴെത്തട്ടിലുള്ളവർക്കതിരെ മാത്രമാണെന്നും ആരോപണവിധേയരിലെ ഉന്നതർക്കെതിരെ ഇനിയും നടപടികളൊന്നുമുണ്ടായിട്ടില്ലെന്നും ആക്ഷേപമുയരുന്നുണ്ട്.സാമൂഹ്യ സുരക്ഷാ പെന്ഷന് പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്വെയറിലെ ആധാര്‍ നമ്പര്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാര്‍ക്ക് സോഫ്റ്റ്വെയറിലും കണ്ടെത്തിയതോടെയാണ് ധനവകുപ്പ് തട്ടിപ്പ് തിരിച്ചറിഞ്ഞത്.
തുടര്‍ന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്. 1458 സര്‍ക്കാര്‍ ജീവനക്കാര്‍ അനര്‍ഹമായി ക്ഷേമ പെന്ഷന് കൈപറ്റുന്നുവെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. ഇവരുടെ പട്ടിക അതാത് വകുപ്പുകള്‍ക്ക് കൈമാറി വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാന്‍ ധനവകുപ്പ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വകുപ്പുകള്‍ അച്ചടക്ക നടപടി തുടങ്ങിയത്. വരും ദിവസങ്ങളില്‍ മറ്റ് വകുപ്പുകളും സമാന നടപടികളിലേക്ക് നീങ്ങും.
إرسال تعليق