Join News @ Iritty Whats App Group

പരോള്‍ ലഭിക്കാന്‍ ഉത്രകൊലക്കേസ് പ്രതി വ്യാജരേഖ നല്‍കിയ സംഭവം: ഡോക്ടറെ ചോദ്യം ചെയ്യും


തിരുവനന്തപുരം: ഉത്രകൊലപാതക കേസ് പ്രതി സൂരജ് പരോള്‍ ലഭിക്കാന്‍ വ്യാജ രേഖ നല്‍കിയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൂജപ്പുര പോലീസ്. സൂരജിന് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറെ പോലീസ് ചോദ്യം ചെയ്യും. പിതാവിന് ഗുരുതര രോഗമാണെന്നും പരോള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് സൂരജ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് ജയില്‍ അധികൃതര്‍ കണ്ടെത്തുകയായിരുന്നു.

ഭാര്യ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് സൂരജ് ജീവപര്യന്തം കഠിന തടവ് അനുഭവിക്കുകയാണ്. അതിനിടെ സൂരജ് പരോളിന് ശ്രമിച്ചെങ്കിലും അപേക്ഷ തള്ളിയതോടെയാണ് തട്ടിപ്പിന് ശ്രമിച്ചത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടറോട് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു.

ഇതോടെയാണ് കള്ളത്തരം പൊളിഞ്ഞത്. സര്‍ട്ടിഫിക്കറ്റ് നല്‍കിയത് താനാണെങ്കിലും അതില്‍ ഗുരുതര അസുഖമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്ന് ഡോക്ടര്‍ അറിയിക്കുകയായിരുന്നു. ഇതോടെ സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാട്ടിയെന്ന് വ്യക്തമായി. വ്യാജരേഖയെന്ന് വ്യക്തമായതോടെ സൂരജിനെതിരെ ജയില്‍ സുപ്രണ്ട് പൂജപ്പുര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൂരജിന്റെ അമ്മയായിരുന്നു സര്‍ട്ടിക്കറ്റ് എത്തിച്ചു നല്‍കിയത്. സംഭവത്തില്‍ സൂരജിനേയും അമ്മയേയും ചോദ്യം ചെയ്യും.

Post a Comment

أحدث أقدم
Join Our Whats App Group