Join News @ Iritty Whats App Group

എ‍‍ഡിജിപി എംആർ അജിത് കുമാറിന് ക്ലീൻചിറ്റ്; ആരോപണങ്ങള്‍ തള്ളി വിജിലൻസ്; അന്തിമറിപ്പോർട്ട് ഉടൻ കൈമാറും


ഗുരുതര ആരോപണങ്ങൾ നേരിട്ട എഡിജിപി എംആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ്. പി വി അൻവർ ഉന്നയിച്ച ഒരു ആരോപണത്തിലും കഴമ്പില്ലെന്ന് വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു. മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് എം ആർ അജിത്കുമാറിന് ക്ലീൻചിറ്റ് നൽകിയിരിക്കുന്നത്. മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറിയിലും എം ആർ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. അന്തിമ റിപ്പോർട്ട് അന്വേഷണ സംഘം രണ്ടാഴ്ചക്കകം ഡിജിപിക്ക് കൈമാറും.

അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് എഡിജിപിക്ക് അനുകൂലമായ കണ്ടെത്തൽ. നാല് ആരോപണങ്ങളാണ് എം ആർ അജിത്കുമാറിനെതിരെ പി വി അൻവർ ഉയർത്തിയത്.

കോടികൾ മുടക്കി കവടിയാർ കൊട്ടാരത്തിന് സമീപം ആഢംബര ബംഗ്ലാവ് നിര്‍മിക്കുന്നു എന്നതായിരുന്നു പ്രധാന ആരോപണം. താഴത്തെ കാർ പാര്‍ക്കിംഗ് നില ഉള്‍പ്പെടെ മൂന്ന് നിലകെട്ടിടം. എന്നാൽ എസ് ബിഐയിൽ നിന്ന് ഒന്നരക്കോടി രൂപ വായ്പയെടുത്താണ് വീട് നിർമാണമെന്നാണ് കണ്ടെത്തൽ. വീട് നിർമാണം യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. ഇതിലൂടെ കള്ളപ്പണം വെളുപ്പിച്ചുവെന്നും പരാതിയുയർന്നു. എന്നാൽ ഇതെല്ലാം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009 ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013 ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷെ സ്വന്തം പേരിലേക്ക് ഫ്ലാറ്റ് രജിസ്റ്റർ ചെയ്യാൻ വൈകി എന്ന് മാത്രമാണ് കണ്ടെത്തൽ.

നാല് വർഷം താമസിച്ച ശേഷം 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത് 2016ലാണ്. വില്‍പ്പനക്ക് പത്ത് ദിവസം മുമ്പ്‍, നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. എട്ട് വര്‍ഷം കൊണ്ടുണ്ടായ മൂല്യവര്‍ധനയാണ് വീടിന്‍റെ വിലയിൽ ഉണ്ടായതെന്നാണ് വിജിലൻസ് വിലയിരുത്തൽ. സർക്കാരിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നു.

കസ്റ്റംസിലെ ചിലരുടെ സഹായത്തോടെ കരിപ്പൂർ വഴിയുള്ള സ്വർണക്കടത്തിന് മലപ്പുറം എസ് പി ആയിരുന്ന സുജിത് ദാസ് ഒത്താശ ചെയ്തെന്നും ഇതിന്‍റെ വിഹിതം എംആർ അജിത് കുമാറിന് ലഭിച്ചു എന്നുമായിരുന്നു മറ്റൊരു ആരോപണം. ക്ലീൻചിറ്റ് മാത്രമല്ല ഇതിൽ, സുജിത് ദാസിന്‍റെ കാലയളവിലാണ് ഏറ്റവും കൂടുതൽ സ്വർണ്ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളിൽ പ്രതി ചേർത്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group