കോഴിക്കോട്: ഇന്നത്തെ എസ്എസ്എൽസി ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പറും ചോർന്നെന്ന ആരോപണവുമായി കെ എസ് യു. ഇന്ന് നടന്ന എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയുടെ ചോദ്യങ്ങളിൽ ഭൂരിഭാഗവും എം എസ് സൊല്യൂഷൻസ് പ്രവചിച്ച മേഖലയിൽ നിന്നാണെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. 32 ചോദ്യങ്ങൾ വന്നത് ഇന്നലെ യൂട്യൂബ് ചാനലിൽ പരാമർശിച്ച മേഖലയിൽ നിന്നെന്നാണ് കെഎസ്‍യു കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് വിടി സൂരജ് ആരോപിച്ചു.
ഇന്നലെ രാത്രി എംഎസ് സൊലൂഷ്യന്‍സ് നടത്തിയ ലൈവിൽ പരാമര്‍ശിച്ച മേഖലയിൽ നിന്നുള്ള ചോദ്യങ്ങള്‍ ഇന്ന് നടന്ന പരീക്ഷയിൽ വന്നിട്ടുണ്ട്. ചോദ്യങ്ങള്‍ പറയുന്നതിന് പകരം ചോദ്യം വരാൻ സാധ്യതയുള്ള ഓരോ പാഠഭാഗങ്ങളെക്കുറിച്ചാണ് യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. ഈ പാഠഭാഗം പഠിച്ചാൽ മതിയെന്ന തരത്തിലായിരുന്നു ഇന്നലെ ലൈവ് വീഡിയോ യൂട്യൂബിലിട്ടത്. ഇത് പുതിയ തന്ത്രത്തിന്‍റെ ഭാഗമാണ്. വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാക്കാൻ 1500 രൂപ വീതം കുട്ടികളിൽ നിന്ന് ഈടാക്കുന്നുണ്ട്. ചാരിറ്റിയുടെ മറവിലാണ് ഈ പണപിരിവ്. ഭരണകൂടത്തിലെ ഉന്നതര്‍ ഉള്‍പ്പെട്ട റാക്കറ്റ് ആണ് ഇതിന് പിന്നിൽ എന്നും കെഎസ്‍യു ആരോപിച്ചു
അന്വേഷണം അട്ടിമറിക്കപ്പെടും. കേരളത്തിന്‍റെ ആഭ്യന്തര വകുപ്പിന് പുല്ലുവിലയാണ് എന്നതിന്‍റെ ഉദാഹരണമാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. എംഎസ് സൊലൂഷ്യന്‍സിന്‍റെ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ച് പരിശോധിക്കണം. ഇന്ന് നടന്ന പരീക്ഷയുടെ നാല് ചോദ്യങ്ങള്‍ ഇന്നലെ ചാനലിൽ പറഞ്ഞ അതുപോലെ തന്നെ വന്നിട്ടുണ്ടെന്നും കെഎസ്‍യു ആരോപിച്ചു. യൂട്യൂബ് ചാനലിലൂടെ അശ്ലീല ചുവയോടെ സംസാരിക്കുന്നതിനെതിരേയും നടപടിയില്ല.
പോക്സോ വകുപ്പ് ചുമത്തി ഷുഹൈബിനെ ജയിലിലടക്കേണ്ട സമയം കഴിഞ്ഞുവെന്നും വിടി സൂരജ് ആരോപിച്ചു. സി പി എമ്മിലെ ഉന്നത നേതൃത്വവുമായി എംഎസ് സൊലൂഷൻസിന് ബന്ധമുണ്ട്.
ഷുഹൈബ് പുറത്ത് പറഞ്ഞാൽ മറ്റ സ്ഥാപനങ്ങളാണ് പെട്ടുപോവുക. സ്വകാര്യ ട്യൂഷൻ സെൻറുുകളുടെ ആസ്തി കോടികളാണ്. എങ്ങനെയാണ് അവർക്ക് ഇത്ര പണം ലഭിക്കുന്നത്? വിദ്യാഭ്യാസ മന്ത്രി ഈ പണിക്ക് പറ്റാത്ത ആളാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണെന്നും വിദ്യാഭ്യാസ മന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്നും വിടി സൂരജ് പറഞ്ഞു.
إرسال تعليق