Join News @ Iritty Whats App Group

ആ​ദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നത് പേടി,കുഞ്ഞ് ഭീഷണിയാവുമെന്ന് കരുതി;ഭാവഭേദമില്ലാതെ കൊന്നത് കാണിച്ച് അനീഷ




കൊച്ചി: കോതമംഗലം നെല്ലിക്കുഴിയിൽ 6 വയസ്സുകാരിയെ രണ്ടാനമ്മ ശ്വാസംമുട്ടിച്ചുകൊന്നതിനു പിന്നിൽ കുടുംബ പ്രശ്നങ്ങളും കാരണമായെന്ന് പൊലീസ്. ഭർത്താവിൻ്റെ ആദ്യ ബന്ധത്തിലുള്ള കുട്ടി തൻ്റെ സ്വന്തം കുട്ടികൾക്ക് ഭാവിയിൽ ഭീഷണി ആകുമോ എന്ന ആശങ്കയും ആദ്യ ഭാര്യയുമായി ഭർത്താവ് അടുക്കുന്നുവെന്ന ചിന്തയുമാണ് അനീഷയെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. ദുർമന്ത്രവാദത്തിന്റെ സ്വാധീനം പ്രതിയായ ഉത്തർപ്രദേശി സ്വദേശി അനീഷയിൽ ഉണ്ടെങ്കിലും കൊലപാതകത്തിൽ ഇതൊരു ഘടകമായിയിട്ടില്ല എന്നാണ് പൊലീസിന്റെ അന്തിമനിഗമനം.

6 വയസുകാരിയെ വീടിന്‍റെ കിടപ്പു മുറിയില്‍ ശ്വാസം മുട്ടിച്ചു കൊന്നതെങ്ങനെയെന്ന് പൊലീസിനോട് വിശദീകരിക്കുമ്പോള്‍ ഭാവഭേദമൊന്നും ഉണ്ടായിരുന്നില്ല രണ്ടാനമ്മയായ അനീഷയ്ക്ക്. ഇരുപത് വര്‍ഷത്തിലേറെയായി നെല്ലിക്കുഴിയില്‍ താമസിക്കുന്ന അജാസ് ഖാന്‍ എന്ന ഉത്തര്‍പ്രദേശ് സ്വദേശി ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് യുപി സ്വദേശി തന്നെയായ അനീഷയ്ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്. അജാസ് ഖാന്‍റെ ആദ്യ ബന്ധത്തിലുളള ആറു വയസുകാരിയായ മകളും, അനീഷയുടെ ആദ്യ ബന്ധത്തിലെ രണ്ടു വയസുകാരിയായ മകളും ഒപ്പമുണ്ടായിരുന്നു. അടുത്തിടെ അനീഷ അജാസ് ഖാനില്‍ നിന്ന് ഗര്‍ഭിണിയാവുകയും ചെയ്തു. അജാസ് ഖാന്‍റെ ആദ്യ ഭാര്യയിലുളള മകള്‍ തന്‍റെ മക്കളുടെ ഭാവിക്ക് തടസമാകുമോ എന്ന ആശങ്ക അനീഷയ്ക്കുണ്ടായിരുന്നു. പിണങ്ങിപ്പിരിഞ്ഞ ആദ്യ ഭാര്യ അജാസുമായി വീണ്ടും അടുക്കുന്നെന്ന സംശയവും അനീഷയ്ക്കുണ്ടായി. ഇതോടെയാണ് ആറു വയസുകാരിയായ മുസ്കാനെ അനീഷ കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പൊലീസ് നിഗമനം.

ശരീരത്തില്‍ ബാധ കയറുന്നതു പോലെയുളള പെരുമാറ്റം അനീഷയില്‍ നിന്ന് ഉണ്ടാകാറുണ്ടായിരുന്നെന്ന് അജാസ് ഖാന്‍ നാട്ടുകാരോട് പറഞ്ഞിരുന്നു. പ്രാദേശികമായി ദുര്‍മന്ത്രവാദം ചെയ്യുന്നയാള്‍ അനീഷയെ ചികില്‍സിക്കുകയും ചെയ്തിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ ഇയാളുടെ സ്വാധീനം കാരണമായിട്ടുണ്ടോ എന്ന സംശയം പൊലീസിനുണ്ടായിരുന്നെങ്കിലും തെളിവൊന്നും കിട്ടിയില്ല. കൊലപാതകത്തില്‍ അജാസ് ഖാനും പങ്കില്ലെന്നാണ് പൊലീസ് നിഗമനം. അജാസ് ഖാന്‍റെ ആദ്യ ഭാര്യയെ കണ്ടെത്തി കൊല്ലപ്പെട്ട കുഞ്ഞിന്‍റെ മൃതദേഹം കൈമാറാനാണ് പൊലീസ് നീക്കം. അനീഷയുടെ രണ്ടു വയസുകാരിയായ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്ക് കൈമാറും.

Post a Comment

أحدث أقدم
Join Our Whats App Group