കണ്ണൂര്‍: കേരളത്തില്‍ വന്‍ വിവാദമായ എഡിഎം നവീന്‍ ബാബുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ സംശയകരമായ പാടുകളോ പരിക്കുകളോ ഇല്ലെന്നും പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം പോലീസിന്റെ റിപ്പോര്‍ട്ട് നവീന്‍ബാബുവിന്റെ കുടുംബം തള്ളിയിരിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യുന്നതിനെ ഇവര്‍ എതിര്‍ത്തിരുന്നു.
തലയോട്ടിക്ക് പരിക്കില്ലെന്നും വാരിയെല്ലുകള്‍ക്ക് ക്ഷതമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇടത് ശ്വാസകോശത്തിന്റെ മുകള്‍ഭാഗം നെഞ്ചിന്റെ ഭിത്തിയോട് ചേര്‍ന്ന നിലയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പേശികള്‍ക്കും പ്രധാന രക്തക്കുഴലുകള്‍ക്ക് പരിക്കില്ല. തരുണാസ്ഥി, കശേരുക്കള്‍ എന്നിവയ്ക്കും പരിക്കില്ലെന്നും അന്നനാളം സാധാരണ നിലയിലായിരുന്നവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കോഴിക്കേട്ടേ പോസ്റ്റുമാര്‍ട്ടം നടത്താവൂ എന്നും പരിയാരം മെഡിക്കല്‍ കോളേജില്‍ നടത്തരുതെന്നും തങ്ങള്‍ ആവശ്യപ്പെട്ടതായി കുടുംബം വ്യക്തമാക്കി. ആന്തരീകാവയവങ്ങള്‍ പോലും സൂക്ഷിച്ചിട്ടില്ലെന്നും തങ്ങളുടെ സാന്നിദ്ധ്യത്തിലല്ല ഇന്‍ക്വസ്റ്റ് നടപടികള്‍ നടന്നതെന്നും പറഞ്ഞു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുക്കാമോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് അനുകൂലമായിട്ടാണ് സിബിഐ മറുപടി നല്‍കിയിരിക്കുന്നത്. കേസ് 12 ാം തീയതി വാദം കേള്‍ക്കുന്നതിലേക്ക് മാറ്റി വെച്ചിരിക്കുന്നത്. അനേ്വഷണത്തില്‍ പിഴവുകള്‍ ഉണ്ടെന്നു കോടതി പറഞ്ഞാല്‍ കേസ് ഏറ്റെടുക്കാന്‍ തയാറാണെന്നു സി.ബി.ഐക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഡോ.കെ.പി. സതീശന്‍ അറിയിച്ചു. അതേസമയം സിബിഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ക്കുകയായിരുന്നു.
നവീന്‍ ബാബുവിന്റെ മൃതദേഹത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഇല്ലെന്നു പ്രോസിക്യൂഷന്‍ മറുപടി നല്‍കി. അനേ്വഷണം പക്ഷപാതപരമാണെന്നു ബോധ്യപ്പെടുത്താന്‍ തെളിവ് വേണമെന്നു നവീന്‍ ബാബുവിന്റെ കുടുംബത്തോടു കോടതി പറഞ്ഞു.
إرسال تعليق