കൊച്ചി: കലൂർ സ്‌റ്റേഡിയത്തിലെ വിഐപി ഗ്യാലറിയിൽ നിന്ന് വീണ് തൃക്കാക്കര എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്. കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ ഒരു നൃത്തപരിപാടിയിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഉമ തോമസ് എംഎൽഎ. ഗ്യാലറിയിൽ നിന്ന് വീണ ഉമ തോമസിന്റെ തല കോൺക്രീറ്റിൽ ഇടിച്ചെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് എന്നാണ് ലഭ്യമായ വിവരം.
മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന പ്രാഥമിക വിവരം. പരിപാടി തുടങ്ങാറായപ്പോഴാണ് ഉമ തോമസ് ഇവിടേക്ക് എത്തിയത്. മന്ത്രിയെ കണ്ട ശേഷം തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങിയിരിക്കാനായി പോകുന്ന വേളയിലാണ് അപകടമുണ്ടായത്. ഗ്യാലറിയിൽ താൽക്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് എംഎൽഎ മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.
സ്‌കാനിങ് ഉൾപ്പെടെ വിശദ പരിശോധനകൾ കഴിഞ്ഞ ശേഷമേ പരിക്ക് എത്രമാത്രം ഗുരുതരമാണെന്ന് വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുക്കാനായി കലൂർ സ്‌റ്റേഡിയത്തിൽ എത്തിയിരുന്നു. വേദിയുടെ നിർമ്മാണത്തിൽ എന്തെങ്കിലും പിഴവ് സംഭവിച്ചോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
കൊച്ചി കലൂർ സ്‌റ്റേഡിയത്തിൽ 12,000 ഭരതനാട്യ നർത്തകർ പങ്കെടുക്കുന്ന മൃദംഗനാദം നൃത്തസന്ധ്യയായിരുന്നു ഇന്നത്തെ പരിപാടി. ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച പരിപാടിയായിരുന്നു ഇത്. ഇതിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഉമ തോമസ്. അതിനിടയിലാണ് അപകടമുണ്ടായത്.
അതേസമയം, ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ എംഎല്‍എയ്ക്ക് ബോധം ഉണ്ടായിരുന്നതായാണ് പുറത്തുവരുന്ന വിവരം. സംഭവം അറിഞ്ഞ് കോണ്‍ഗ്രസ് നേതാക്കൾ ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. സിടി സ്‌കാൻ അടക്കമുള്ള നടപടി ക്രമങ്ങളിലേക്ക് ആശുപത്രി അധികൃതർ കടന്നുകഴിഞ്ഞു. ആംബുലൻസിൽ വച്ച് തന്നെ എംഎൽഎക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതായാണ് വിവരം.
ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഹൈബി ഈഡൻ എംപിയും മന്ത്രി സജി ചെറിയാനും ഉമ തോമസിനെ പ്രവേശിപ്പിച്ച ആശുപത്രിയിൽ എത്തിയിട്ടുണ്ട്. നിലവിൽ ഉമ തോമസിന്റെ ആരോഗ്യനില സ്‌റ്റേബിൾ ആണെന്നാണ് ഡോക്‌ടർമാർ പറയുന്നത്. എങ്കിലും കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
إرسال تعليق