കോഴിക്കോട്> വടകരയില് 9 വയസുകാരിയെ ഇടിച്ചിട്ട് നിര്ത്താതെ പോയ വാഹനം കണ്ടെത്തിയെന്ന് പൊലീസ്. പുറമേരി സ്വദേശിയായ ഷജീല് ഓടിച്ച കാറാണ് ഇടിച്ചതെന്ന് വടകര റൂറല് എസ്പി വാര്ത്താസമ്മേളനത്തില് പറഞ്ഞു.
വാഹനമിടിച്ച് തലശേരി പന്ന്യന്നൂര് പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന 62കാരി പുത്തലത്ത് ബേബി മരിക്കുകയും മകളുടെ മകളായ ഒന്പത് വയസുകാരി ദൃഷാന ഗുരുതരമായി പരുക്കേറ്റ് കോമയിലാവുകയും ചെയ്തിരുന്നു. കോമയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയ്ക്കായി മെഡിക്കല് കോളജില് സ്ഥിര താമസമാണ് കുടുംബം.
ഫെബ്രുവരി 17നാണ് ദേശീയ പാത വടകര ചോറോടില് അപകടം നടക്കുന്നത്. അശ്രദ്ധമായി വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയുമായിരുന്നു. അപകടം നടന്നശേഷം പിടിക്കപ്പെടുമെന്ന് കരുതി രക്ഷപ്പെട്ടതാണെന്നും പിന്നിട് കാര് രൂപമാറ്റം വരുത്തിയെന്നും റൂറല് എസ്പി പറഞ്ഞു.
അന്ന് പൊലീസിന് കിട്ടിയ ദൃശ്യത്തിലുണ്ടായിരുന്ന വെള്ള സ്വിഫ്റ്റ് കാറിന് സമാനമായ വാഹനം ഇന്ഷൂറന്സ് ക്ലെയിം ചെയ്യാന് വന്നതായി ശ്രദ്ധയില് പെട്ടതിനെ തുടര്ന്ന് അന്വേഷിച്ചപ്പോഴാണ് അപകടമുണ്ടാക്കിയ കാറാണെന്ന് വ്യക്തമായത്.
ലോക്കല് പൊലീസ് അന്വേഷിച്ചിട്ടും കാര് കണ്ടെത്താന് കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
إرسال تعليق