Join News @ Iritty Whats App Group

ഇടിച്ചിട്ടു കടന്നു കളഞ്ഞു, ദൃഷാന മോൾ കോമയിലായിട്ട് 9 മാസം; വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചെന്ന് സൂചന


കോഴിക്കോട്: വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചെന്ന് സൂചന. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒമ്പത് മാസമായി കോമ അവസ്ഥയിൽ തുടരുന്ന ദൃഷാനയുടെയും കുടുംബത്തിന്റെയും ദുരിതം ഏഷ്യാനെറ്റ്‌ ന്യൂസാണ്‌ പുറത്തെത്തിച്ചത്. ഇതിനു പിന്നാലെ വലിയ ഇടപെടലുകൾ നടന്നിരുന്നു. ജീവിതത്തിലേക്ക് തിരിച്ചുവരാൻ പൊരുതുകയാണ് ദൃഷാന. 

ഫെബ്രുവരി 17 ന് ദേശീയ പാത വടകര ചോറോട് വെച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ കോമ അവസ്ഥയിൽ തുടരുന്ന 9 വയസ്സുകാരി ദൃഷാനയുടെ ദുരിതം ഇക്കഴിഞ്ഞ ഓഗസ്റ്റ് 27 നായിരുന്നു ഏഷ്യാനെറ്റ്‌ ന്യൂസ് പുറം ലോകത്തെ അറിയിച്ചത്. വാർത്തക്ക് പിന്നാലെ ഇടിച്ചു തെറിപ്പിച്ചു കടന്നു കളഞ്ഞ കാറിനെ കണ്ടെത്താൻ വടകര റൂറൽ എസ് പി നിധിൻ രാജ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സ്വമേധയ കേസെടുക്കുകയും പൊലീസിനോട് അടിയന്തര റിപ്പോർട്ട്‌ തേടുകയും ചെയ്തു. കേരള ലീഗൽ സർവീസ് അതോറിറ്റി പ്രതിനിധികൾ കുട്ടിയെ മെഡിക്കൽ കോളേജിൽ എത്തി സന്ദർശിക്കുകയും നിയമ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു. മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു.

ഇടിച്ച കാറിനെ കണ്ടെത്താൻ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളാണ് ഇതുവരെ പ്രത്യേക അന്വേഷണസംഘം ശേഖരിച്ചത്. പഴയ ദൃശ്യങ്ങൾ വീണ്ടും പരിശോധിച്ചു. നിരവധി പേരുടെ മൊഴികൾ എടുക്കുകയും വർക്ക് ഷോപ്പുകളിൽ നിന്ന് വിവരങ്ങൾ തേടുകയും ചെയ്തു. ഇത്രയും ഇടപെടലുകൾ നടന്നെങ്കിലും ഒമ്പത് വയസുകാരിയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പത്ത് മാസമായി മെഡിക്കൽ കോളേജിൽ സ്ഥിര താമസമാണ് സാമ്പത്തിക ശേഷിയില്ലാത്ത അടച്ചുറപ്പുള്ള ഒരു വീട് പോലും ഇല്ലാത്ത കുട്ടിയുടെ അച്ഛനും അമ്മയും ഇളയ കുട്ടിയും.

ദൃഷാനയെ വീടിന്റെ അന്തരീക്ഷത്തിലേക്ക് കൊണ്ടു പോയാൽ മാറ്റം വന്നേക്കാമെന്ന ഡോക്ടർമാരുടെ അഭിപ്രായത്തിൽ ആശുപത്രിക്ക് സമീപമുള്ള വാടക വീട്ടിലേക്ക് കുടുംബം മറ്റന്നാൾ താമസം മാറുകയാണ്. നേരത്തെ ഏഷ്യാനെറ്റ്‌ ന്യൂസ് അക്കൗണ്ട് വിശദാംശങ്ങൾ നൽകിയതിന്റെ അടിസ്ഥാനത്തിൽ സുമനസുകൾ കുടുംബത്തെ സഹായിച്ചിരുന്നു. വീടിന്റെ വാടക, മരുന്നുകൾ, ഫിസിയോ തുടങ്ങിയവയൊക്കെ കുടുംബത്തിന് വെല്ലുവിളിയാണ്. ആശുപത്രി വിടുന്നതിനാൽ മരുന്നിനുള്ള കിഴിവും മറ്റ് ആനുകൂല്യവും ലഭിക്കില്ല. ഇടിച്ച വാഹനം കണ്ടെത്തിയാൽ ഇൻഷുറൻസ് തുകയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.

Post a Comment

أحدث أقدم
Join Our Whats App Group