തിരുവനന്തപുരത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ നിറച്ച ഇന്ധനത്തില്‍ വന്‍ കൊള്ള നടത്തിയ പമ്പ് ലീഗല്‍ മെട്രോളജി വകുപ്പ് പൂട്ടിച്ചു. മുക്കോലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പമ്പ് ആണ് ലീഗല്‍ മെട്രോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നിഷേധിച്ച് നോട്ടീസ് നല്‍കിയത്.
വ്യാഴാഴ്ച രാത്രിയാണ് സംഭവം. ബൈപ്പാസ് മുറിച്ചുകടക്കാന്‍ ശ്രമിച്ച കാല്‍നട യാത്രക്കാരന് ഇരുചക്ര വാഹനം ഇടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സ് ഈഞ്ചയ്ക്കലിന് സമീപം വഴിയിലായി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ക്ക് വാഹനത്തില്‍ ഇന്ധനം ഇല്ലെന്ന് മനസിലായത്.
തുടര്‍ന്ന് പരിക്കേറ്റയാളെ മറ്റൊരു ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ആംബുലന്‍സ് യാത്ര ആരംഭിക്കുന്നതിന് മുന്‍പായി 500 രൂപയ്ക്ക് ഇന്ധനം നിറച്ചിരുന്നു. ഇതിന്റെ ബില്ല് പരിശോധിച്ചതോടെയാണ് 2.14 രൂപയ്ക്ക് 0.02 ലിറ്റര്‍ ഇന്ധനം മാത്രമാണ് തനിക്ക് ലഭിച്ചതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ക്ക് മനസിലായത്.
ഇതിന് പിന്നാലെ ആംബുലന്‍സ് ഡ്രൈവര്‍ നാട്ടുകാരുമായി പമ്പിലെത്തി ജീവനക്കാരോട് വിശദീകരണം തേടിയെങ്കിലും ജീവനക്കാര്‍ വ്യക്തമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി. ഇതോടെ നാട്ടുകാര്‍ പമ്പില്‍ പ്രതിഷേധം ആരംഭിച്ചു. തുടര്‍ന്ന് വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി ലീഗല്‍ മെട്രോളജി വകുപ്പിനെ വിളിച്ചുവരുത്തി.
ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇന്ധനം നിറച്ചതില്‍ വന്‍ തട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തി. ഇതേ തുടര്‍ന്ന് പമ്പിന്റെ പ്രവര്‍ത്തനാനുമതി നിഷേധിച്ച് സ്റ്റോപ്പ് മെമോ നല്‍കുകയായിരുന്നു.
إرسال تعليق