ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണിയുണ്ടായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് തിരിച്ചയച്ചു. തിങ്കളാഴ്ച രാവിലെ ഡല്‍ഹിയിലെ ഡിപിഎസ് ആര്‍കെ പുരം, പശ്ചിം വിഹാറിലെ ജിഡി ഗോയങ്ക സ്‌കൂള്‍ എന്നിവയുള്‍പ്പെടെ 44 സ്‌കൂളുകള്‍ക്കാണ്് ഭീഷണിയുണ്ടായത്. പോലീസില്‍ വിവരമറിയിച്ച ശേഷം വിദ്യാര്‍ത്ഥികളെ തിരിച്ചയയ്ക്കുകയായിരുന്നു.
ഇമെയില്‍ വഴിയാണ് ഭീഷണി ലഭിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച രാത്രി 11:38 നാണ് ഇമെയില്‍ അയച്ചത്. കെട്ടിടങ്ങള്‍ക്കുള്ളില്‍ ഒന്നിലധികം ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ഇമെയില്‍ അവകാശപ്പെടുന്നത്. ബോംബുകള്‍ ചെറുതും നന്നായി മറച്ചിരിക്കുന്നതും ആണെന്നും നിര്‍വ്വീര്യമാക്കാന്‍ 30,000 ഡോളര്‍ ആവശ്യപ്പെടുകയും ചെയ്തു. ഇത് കെട്ടിടത്തിന് കാര്യമായ കേടുപാടുകള്‍ വരുത്തില്ലെന്നും പക്ഷേ പൊട്ടിയാല്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുമെന്നും നിങ്ങള്‍ എല്ലാവരും കഷ്ടപ്പെടാനും കൈകാലുകള്‍ നഷ്ടപ്പെടാനും അര്‍ഹരാണെന്നും മെയിലില്‍ പറഞ്ഞു.
ഡല്‍ഹി പോലീസ് ഐപി വിലാസം അന്വേഷിക്കുകയും ഇമെയില്‍ അയച്ചയാളെ തിരയുകയും ചെയ്യുകയാണ്. രാവിലെയുള്ള ബഹളങ്ങള്‍ക്ക് ഇടയിലാണ് അലേര്‍ട്ട് വന്നത്. സ്‌കൂള്‍ ബസുകള്‍ വരുന്നു, രക്ഷിതാക്കള്‍ കുട്ടികളെ ഇറക്കുന്നു, രാവിലെ അസംബ്ലിക്ക് തയ്യാറെടുക്കുന്ന ജീവനക്കാര്‍. ഡല്‍ഹി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് രാവിലെ 6:15 ന് ജിഡി ഗോയങ്ക സ്‌കൂളില്‍ നിന്ന് ആദ്യ കോള്‍ ലഭിച്ചു, തുടര്‍ന്ന് 7:06 ന് ഡിപിഎസ് ആര്‍കെ പുരത്ത് നിന്ന് മറ്റൊരു കോള്‍ ലഭിച്ചു. ഫയര്‍ഫോഴ്സ്, ഡോഗ് സ്‌ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ ടീം, ലോക്കല്‍ പോലീസ് എന്നിവരടക്കം സ്‌കൂളിലെത്തി തിരച്ചില്‍ നടത്തി. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നേരത്തെ, ഒക്ടോബറില്‍, ഞായറാഴ്ച രാവിലെ, രോഹിണിയിലെ പ്രശാന്ത് വിഹാറിലെ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ് (സിആര്‍പിഎഫ്) സ്‌കൂളിന് പുറത്ത് സ്ഫോടനം ഉണ്ടായി. സ്ഫോടനത്തില്‍ സ്‌കൂള്‍ മതിലിനും സമീപത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതിനെത്തുടര്‍ന്ന്, അടുത്ത ദിവസം, ഒക്ടോബര്‍ 21 ന്, ചൊവ്വാഴ്ച രാവിലെ 11 മണിയോടെ എല്ലാ സിആര്‍പിഎഫ് സ്‌കൂളുകളിലും ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി സ്‌കൂളുകള്‍ക്ക് ഇമെയില്‍ ലഭിച്ചു. ഉടന്‍ തന്നെ അന്വേഷണം ആരംഭിച്ചതോടെ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
إرسال تعليق