കാഞ്ഞങ്ങാട്: കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയിലായ മന്ത്രവാദിനിയായ 'ജിന്നുമ്മ' എന്ന ഷമീമ ഹണി ട്രാപ്പ് കേസിലും പ്രതിയായിരുന്നുവെന്ന് പൊലീസ്. 2013ൽ ഹണി ട്രാപ്പ് കേസിലെ പ്രതികളാണ് അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ ഷമീമയും രണ്ടാ പ്രതിയും ഇവരുടെ ഭർത്താവുമായ ഉബൈസുമെന്ന് ഡിവൈഎസ്പി കെ.ജെ ജോൺസൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
2013ലാണ് കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ ഷമീമ ഹണി ട്രാപ്പിൽ കുരുക്കിയത്. കാഞ്ഞങ്ങാട് സ്വദേശിയായ പ്രവാസിയെ കാസര്‍കോട് ചൗക്കിയിലേക്ക് കൊണ്ടുപോയി ഹണിട്രാപ്പില്‍ കുടുക്കിയ സംഭവത്തിൽ ഇവർ 14 ദിവസം റിമാൻഡിലായിരുന്നു. പ്രവാസിയുടെ മൊബൈൽ നമ്പർ കൈക്കലാക്കിയ ശേഷം ചാറ്റിങ്ങിലൂടെയും ഫോൺ വിളിയിലൂടെയും വശീകരിച്ച് കാസർകോടേക്ക് എത്തിച്ച ശേഷമായിരുന്നു ഹണി ട്രാപ്പ്. യുവതിയുടെ വാക്കുകേട്ടെത്തിയ പ്രവാസിയെ റൂമിൽ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയ ഷമീമയും ഭർത്താവും ബലംപ്രയോഗിച്ച് ഇയാളുടെ വസ്ത്രമഴിപ്പിച്ച് നഗ്ന ഫോട്ടോ എടുത്തു. പിന്നീട് ചിത്രങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി 30 ലക്ഷം രൂപ ആവശ്യപ്പെട്ടു.
ഭീഷണി കൂടിയതോടെ പ്രവാസി പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഷമീമയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്തു. കേസിൽ ഇവർ 14 ദിവസം ജയിലിൽ കിടന്നിരുന്നു. ഉദുമ സ്വദേശിയുടെ 16 പവന്‍ തട്ടിയെടുത്ത സംഭവത്തിലും ജിന്നുമ്മ പ്രതിയായിരുന്നു. കൂടാതെ കൂടോത്രം നടത്തി സ്വർണ്ണം ഇരട്ടിപ്പിക്കാം എന്ന് പറഞ്ഞ് സ്വർണാഭരണങ്ങൾ തട്ടിയ മൂന്നോളം കേസുകൾ ജിന്നുമ്മക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇവരുടെ വാക്ക് വിശ്വസിച്ച് ഒരു കുടുംബം വീട്ടിൽ കൂടോത്രം നടത്തി. സ്വർണ്ണം വീട്ടിലെ മുറിയിൽ 40 ദിവസം പൂട്ടിവെക്കണമെന്നും, 40 ദിവസത്തിന് ശേഷം തുറന്ന് നോക്കിയാൽ സ്വർണ്ണം ഇരട്ടിയാകുമെന്നും പറഞ്ഞ് സ്വർണാഭരണങ്ങ കൈക്കലാക്കി ജിന്നുമ്മ മുങ്ങി. എന്നാൽ സംശയം തോന്നി പിറ്റേദിവസം വീട്ടുകാർ മുറി തുറന്നു നോക്കിയപ്പോൾ കണ്ടത് ചെളിയും മണ്ണും നിറച്ച ബോക്സാണ്. ജിന്നമ്മയുടെ തട്ടിപ്പിൽ സമൂഹത്തിലെ പല പ്രമുഖരും ഇരയായിട്ടുണ്ട്. എന്നാൽ നാണക്കേട് കാരണം പലരും പരാതി നൽകുന്നില്ലെന്ന് ഡിവൈഎസ്പി പറയുന്നു.
സമ്പന്നരെ ആയിരുന്നു ജിന്നുമ്മ ലക്ഷ്യം വെച്ചിരുന്നത്. തട്ടിപ്പുനടന്നതായി തിരിച്ചറിഞ്ഞാലും മാനം പോകുമെന്ന് ഭയന്ന് ഇവർ വിവരം പുറത്ത് പറയില്ലെന്ന വിശ്വാസത്തിലായിരുന്നു ഇതെന്നും പൊലീസ് പറയുന്നു. വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണത്തിൽ ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭർത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്‌നിഫ, മധൂർ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണം ഇരട്ടിച്ച് നൽകാമെന്ന് പറഞ്ഞ് സംഘം അബ്ദുൽ ഗഫൂറിന്‍റെ വീട്ടിൽ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തി, സ്വർണ്ണം മുന്നിൽ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വർണ്ണം തിരിച്ച് നൽകേണ്ടി വരുമെന്ന് കരുതി അബ്ദുൾ ഗഫൂറിനെ കൊലപ്പെടുത്തുകയായിരുന്നു. 596 പവൻ സ്വർണ്ണമാണ് മന്ത്രവാദ സംഘം തട്ടിയത്.
പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‍മയിലെ എം സി അബ്ദുൽഗഫൂറിനെ 2023 ഏപ്രില്‍ 14 നാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമെന്ന് ഭാര്യയും മക്കളും ബന്ധുക്കളും കരുതി. മൃതദേഹം സംസ്കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് വീട്ടിൽ നിന്ന് 596 പവൻ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഇതോടെയാണ് മരണത്തിൽ സംശയമുയർന്നത്. അബ്ദുൽ ഗഫൂറിന്‍റെ മകൻ അഹമ്മദ് മുസമ്മിൽ ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്നു അബ്ദുൽ ഗഫൂർ.
إرسال تعليق