Join News @ Iritty Whats App Group

'എങ്ങനെയെങ്കിലും എന്‍റെ കുഞ്ഞിനെ രക്ഷിക്കൂ'; കണ്ണീരോടെ അമ്മ, 3 വയസ്സുകാരി ചേതന കുഴൽക്കിണറിൽ വീണിട്ട് 7 ദിവസം


ജയ്പൂർ: രാജസ്ഥാനിലെ കോട് പുത്തലിയിൽ മൂന്ന് വയസ്സുകാരി കുഴൽക്കിണറിൽ വീണിട്ട് ഏഴ് ദിവസമായി. കുട്ടിയെ പുറത്തെത്തിക്കാൻ നടത്തിയ ശ്രമങ്ങളൊന്നും ഇതുവരെ ലക്ഷ്യത്തിലെത്തിയില്ല. അധികൃതരുടെ അനാസ്ഥയാണ് രക്ഷാദൗത്യം എങ്ങും എത്താത്തതിന് കാരണമെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

ഭക്ഷണവും വെള്ളവും ലഭിക്കാതെ മൂന്ന് വയസ്സുകാരി ചേതന കുഴൽ കിണറിൽ കുടുങ്ങിയിട്ട് ഏഴ് ദിവസമായി. ഡിസംബർ 23നാണ് അച്ഛന്‍റെ കൃഷി സ്ഥലത്ത് കളിച്ചുകൊണ്ടിരുന്ന ചേതന 700 അടി താഴ്ചയുള്ള കുഴൽക്കിണറിൽ വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തനം തുടങ്ങി. 150 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. പൊലീസിന്റെയും എൻഡിആർഎഫ്, എസ് ഡി ആർ എഫ് അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

പത്ത് അടിയുള്ള ഇരുമ്പ് ദണ്ഡിൽ കൊളുത്ത് വച്ച് കെട്ടി കുട്ടിയുടെ വസ്ത്രത്തിൽ കുരുക്കിട്ട് മുകളിലേക്ക് ഉയർത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങിയത്. ഇതിനായി നിരവധി യന്ത്രങ്ങളും സ്ഥലത്തെത്തിച്ചു. പക്ഷേ ഇതുവരെ കുട്ടിയെ പുറത്തെത്തിക്കാൻ സാധിച്ചില്ല. പ്രദേശത്ത് പെയ്ത കനത്ത മഴയും രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.

അതേസമയം അധികൃതരുടെ ഭാഗത്തുനിന്നുള്ള അനാസ്ഥയാണ് കുട്ടിയെ പുറത്തെത്തിക്കാൻ സാധിക്കാത്തതിന് കാരണം എന്ന് കുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചു. കലക്ടറുടെ കുഞ്ഞായിരുന്നെങ്കിൽ ഇങ്ങനെ വൈകിപ്പിക്കുമായിരുന്നോ എന്നാണ് അമ്മ ധോല ദേവി കണ്ണീരോടെ ചോദിക്കുന്നത്. മകൾ കുഴൽക്കിണറിൽ വീണ അന്നു മുതൽ ഭക്ഷണം കഴിക്കാതെ അമ്മയുടെ ആരോഗ്യനില മോശമായി. ഓരോ നിമിഷം കഴിയുന്തോറും കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക കൂടുകയാണ്. എത്രയും പെട്ടെന്ന് കുട്ടിയെ പുറത്തെത്തിക്കണമെന്നാണ് കുടുംബവും നാട്ടുകാരും ആവശ്യപ്പെടുന്നത്. 

അതിനിടെ മധ്യപ്രദേശിൽ 10 വയസ്സുകാരൻ കുഴൽക്കിണറിൽ വീണു. ഗുന ജില്ലയിലാണ് സംഭവം. 40 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നത്. കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group