കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവ് മരിച്ച സംഭവത്തിൽ വാഹനം ഓടിച്ച രണ്ട് പേരുടെയും ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് മോട്ടോർവാഹന വകുപ്പ്. വാഹന ഉടമ സാബിത്, ജീവനക്കാരൻ റയീസ് എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. രണ്ടു പേർക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിട്ടുണ്ട്. ഇന്ന് തന്നെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ആൽവിനെ ഇടിച്ച ബെൻസ് കാറിന് ടാക്സും അടച്ചിട്ടില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഇൻഷുറൻസ് ഇല്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വാഹനത്തിന്റെ രേഖകൾ ഹാജരാക്കാൻ സാബിതിന് നിർദേശം നൽകി. ബെൻസ് കാറിന്റെ ആർസിയും റദാക്കും.
ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വീഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച് റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച് രാവിലെ ഏഴരയോടെയായിരുന്നു അപകടം. ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്.
രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ റോഡിന്‍റെ നടുവില്‍ നിന്ന് ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. സ്വകാര്യ സ്ഥാപനത്തിന്‍റെ ഉടമയുടേയും ബന്ധുവിന്‍റേയും വാഹനമാണ് വീഡിയോ ചിത്രീകരിക്കാനായി ഉപയോഗിച്ചത്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തത്. വിദേശത്തായിരുന്ന ആല്‍വിന്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് അടുത്തിടെയാണ് നാട്ടിലെത്തിയത്. അതിനിടയിലാണ് ദാരുണാന്ത്യം.
إرسال تعليق