Join News @ Iritty Whats App Group

ബെംഗളൂരു ന്യൂയർ 2025; എംജി റോഡിലും ചർച്ച് സ്ട്രീറ്റിലും നിയന്ത്രണങ്ങൾ ഇങ്ങനെ, ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ പെടും




പുതുവത്സരത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകം. വിവിധ ആഘോഷപരിപാടികളാണ് പലയിടത്തും ഒരുക്കിയിട്ടുള്ളത്. ന്യൂയർ ആഘോഷങ്ങളുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ബെംഗളൂരുവിൽ ഇത്തവണയും ആഘോഷങ്ങൾക്ക് യാതൊരു കുറവും ഉണ്ടാകില്ല. ഇക്കുറി കുറഞ്ഞത് 8 ലക്ഷം പേരെങ്കിലും നഗരത്തിൽ ന്യൂയർ തകർക്കാൻ എത്തുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കാൻ ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചിട്ടുണ്ട്.

സ്ത്രീകൾ അടക്കമുള്ളവർക്ക് സുരക്ഷിതമായി ആഘോഷങ്ങളുടെ ഭാഗമാകാനുള്ള നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കി. ഗതാഗതം സുഗമമാക്കാനും തിരക്ക് കുറക്കാനും കൂടുതൽ കാബ് സർവ്വീസുകൾ ഏർപ്പെടുത്തും. മെട്രോ സർവ്വീസുകളുടെ സമയം ദീർഘിപ്പിച്ചിട്ടുണ്ട്. മാത്രമല്ല ശക്തമായ ഗതാഗത നിയന്ത്രണവും ഉണ്ടാകും', ജി പരമേശ്വര വ്യക്തമാക്കി.


ആഘോഷമാകാം, അമിതമാവേണ്ട

ന്യൂയർ ആഘോഷത്തിനിടെ മദ്യപിച്ച് വാഹനം ഓടിക്കുന്നത് പോലുള്ള സംഭവങ്ങൾ ഉണ്ടായാൽ കർശന നടപടി തന്നെ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനോടകം തന്നെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞാഴ്ച 769 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇവരുടെ ലൈസൻസുകൾ റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, അശ്രദ്ധമായി വാഹനമോടിച്ചതിന് 200-ലധികം ഡ്രൈവർമാരിൽ നിന്നും പിഴയും ഈടാക്കിയിട്ടുണ്ട്. 

എംജി റോഡിലും ചർച്ച സ്ട്രീറ്റിലും നിയന്ത്രണങ്ങൾ ഇങ്ങനെ

ബെംഗളൂരിൽ പുതുവത്സര രാവിൽ ഏറ്റവും കൂടുതൽ പേർ ഒത്തുകൂടുന്ന സ്ഥലങ്ങളാണ് എംജി റോഡും ചർച്ച് സ്ട്രീറ്റും. ഈ സാഹചര്യത്തിൽ ഇത്തവണ പോലീസിന്റെ അതിശക്തമായ നിരീക്ഷണം തന്നെ ഇവിടെ ഉണ്ടാകും. ഏകദേശം 800 ഓളം സിസിടിവി ക്യാമറകൾ മേഖലകളിൽ സജ്ജമാക്കിയിട്ടുണ്ട്. ഒരുവിധത്തിലുള്ള നിയമലംഘനങ്ങളും ഉണ്ടാകാതിരിക്കാനുള്ള തയ്യാറെടുപ്പുകളാണ് പോലീസ് നടത്തുന്നത്. മാത്രമല്ല സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനായി കൂടുതൽ വനിത പോലീസുകാരേയും ഇവിടങ്ങളിൽ വിന്യസിക്കും.

വഴിയടക്കുമോ? ഇക്കാര്യം അറിഞ്ഞില്ലെങ്കിൽ എട്ടിന്റെ പണി

ബെംഗളൂരു പോലെ വലിയ തിരക്കുള്ള നഗരത്തിൽ ന്യൂയർ ദിനത്തിൽ റോഡിലെ ട്രാഫിക് എന്താകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലേ. തിരക്ക് കുറക്കാൻ ശക്തമായ ഗതാഗത നിയന്ത്രണമായിരിക്കും അന്ന് ഏർപ്പെടുത്തുക. ഡിസംബർ 31 ന് രാത്രി പത്ത് മണിക്ക് ശേഷം ഫ്ലൈ ഓവറുകളെല്ലാം അടക്കും. എംജി റോഡിലും ബ്രിഗേഡ് റോഡിലും രാത്രി എട്ട് മണിക്ക് ശേഷം വാഹനങ്ങൾ കടത്തിവിടില്ല.

രാത്രി ആഘോഷം 1 മണി വരെ

പബ്ബുകളിൽ രാത്രി ഒരു മണി വരെ മാത്രമേ ന്യൂയർ പാർട്ടികൾ അനുവദിക്കൂ. മാത്രമല്ല ന്യൂയർ ആഘോഷം സമാധാനപരമായിരിക്കണമെന്നാണ് പോലീസ് നിർദ്ദേശം. വായുമലീനികരണം അനുവദിക്കില്ല. അതുകൊണ്ട് തന്നെ ലൗഡ് സ്പീക്കർ, കരിമരുന്ന് പ്രയോഗം പോലുള്ളവയ്ക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group