ദില്ലി: 2023-24 സാമ്പത്തിക വർഷത്തിൽ വ്യക്തികളിൽ നിന്നും ട്രസ്റ്റുകളിൽ നിന്നും കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നുമായി ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 2,244 കോടി രൂപയെന്ന് റിപ്പോർട്ട്. 20,000 രൂപയും അതിന് മുകളിലുമായാണ് സംഭാവന ലഭിച്ചത്. 2022-23 ലെ സംഭാവനയുടെ മൂന്നിരട്ടിയിലധികമാണ് ഈയിനത്തിൽ കഴിഞ്ഞ വർഷം ബിജെപിക്ക് ലഭിച്ചത്. അതേസമയം, കോൺഗ്രസിന് 2023-24ൽ 288.9 കോടി രൂപയാണ് ലഭിച്ചത്. മുൻ വർഷം ഇത് 79.9 കോടി രൂപയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലാണ് ഇക്കാര്യമുള്ളത്. പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്ന് 723.6 കോടി രൂപയുടെ സംഭാവനകൾ ബിജെപിക്ക് ലഭിച്ചു.
കോൺഗ്രസിന് 156.4 കോടി രൂപ സംഭാവന നൽകി. 2023-24ൽ ബിജെപിയുടെ മൂന്നിലൊന്ന് സംഭാവനകളും കോൺഗ്രസിൻ്റെ പകുതിയിലധികം സംഭാവനകളും പ്രൂഡൻ്റ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നാണ്. 2022-23-ൽ പ്രൂഡൻ്റിനുള്ള ഏറ്റവും മികച്ച സംഭാവന നൽകിയവരിൽ മേഘ എഞ്ചിൻ & ഇൻഫ്രാ ലിമിറ്റഡ്, സെറം ഇൻസ്റ്റിറ്റ്യൂട്ട്, ആർസെലർ മിത്തൽ ഗ്രൂപ്പ്, ഭാരതി എയർടെൽ എന്നിവരാണ് മുന്നിൽ.
അതേസമയം, ബിജെപിക്കും കോൺഗ്രസിനും ലഭിച്ച മൊത്തം സംഭാവനകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴിയുള്ള രസീതുകൾ ഉൾപ്പെടുന്നില്ല. കാരണം ഈ വിവരങ്ങൾ രാഷ്ട്രീയ പാർട്ടികൾ അവരുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകളിൽ മാത്രമേ പ്രഖ്യാപിക്കൂ. 2024 ഫെബ്രുവരിയിൽ സുപ്രീം കോടതി ഇലക്ടറൽ ബോണ്ട് സ്കീം റദ്ദാക്കിയിരുന്നു. ചില പ്രാദേശിക പാർട്ടികൾ അവരുടെ 2023-24 സംഭാവന റിപ്പോർട്ടുകളിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവന ചില പാർട്ടികൾ സ്വമേധയാ പ്രഖ്യാപിച്ചു. 495.5 കോടി രൂപ ബോണ്ടുകളായി ലഭിച്ചെന്ന് ബിആർഎസ് അറിയിച്ചു. ഡിഎംകെയ്ക്ക് 60 കോടിയും വൈഎസ്ആർ കോൺഗ്രസിന് 121.5 കോടിയും ലഭിച്ചു. ജെഎംഎമ്മിന് 11.5 കോടിയും ലഭിച്ചു.
മുൻവർഷത്തെ അപേക്ഷിച്ച് 2023-24ൽ ബിജെപിക്ക് സംഭാവനകളിൽ 212% വർധനവ് രേഖപ്പെടുത്തി. 2018-19ൽ, 2019ലെ പൊതുതിരഞ്ഞെടുപ്പിനുമുമ്പുള്ള വർഷം, ബിജെപി 742 കോടി രൂപയും കോൺഗ്രസ് 146.8 കോടി രൂപയും സംഭാവന ലഭിച്ചിരുന്നു. ബിജെപിക്ക് ഇലക്ടറൽ ട്രസ്റ്റ് വഴി 850 കോടി ലഭിച്ചു, അതിൽ 723 കോടി രൂപ പ്രൂഡൻ്റിലും 127 കോടി രൂപ ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിലും 17.2 ലക്ഷം രൂപ ഐൻസിഗാർട്ടിംഗ് ഇലക്ടറൽ ട്രസ്റ്റിലും നിന്നാണ് ലഭിച്ചത്. ട്രസ്റ്റ് വഴി കോൺഗ്രസിന് 156 കോടി രൂപ ലഭിച്ചു.
2023-24ൽ ബിആർഎസിനും വൈഎസ്ആർ കോൺഗ്രസിനും യഥാക്രമം 85 കോടി രൂപയും 62.5 കോടി രൂപയും പ്രൂഡൻ്റ് സംഭാവന നൽകി. ആന്ധ്രാപ്രദേശിൽ ഭരണകക്ഷിയായ ടിഡിപി 33 കോടി രൂപയാണ് പ്രൂഡൻ്റിൽനിന്ന് സ്വീകരിച്ചത്. ട്രയംഫ് ഇലക്ടറൽ ട്രസ്റ്റിൽ നിന്നും ജയഭാരത് ട്രസ്റ്റിൽ നിന്നും ഡിഎംകെയ്ക്ക് എട്ട് കോടി രൂപ ലഭിച്ചു.
സാൻ്റിയാഗോ മാർട്ടിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിൽ നിന്ന് 2023-24ൽ ബിജെപി 3 കോടി രൂപയുടെ സംഭാവന ലഭിച്ചു. ഫ്യൂച്ചർ ഗെയിമിംഗ് ആണ് ഇലക്ടറൽ ബോണ്ട് വഴി ഏറ്റവും വലിയ സംഭാവന നൽകിയത്, തൃണമൂൽ കോൺഗ്രസാണ് ഏറ്റവും വലിയ ഗുണഭോക്താവ്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെയും ആദായനികുതി വകുപ്പിൻ്റെയും നിരീക്ഷണത്തിലാണ് മാർട്ടിൻ. എഎപിക്ക് 2023-24ൽ 11.1 കോടിയുടെ സംഭാവന ലഭിച്ചു. മുൻ വർഷത്തെക്കാൾ 37.1 കോടി രൂപ എഎപിക്ക് കുറഞ്ഞു. 2023-24ൽ സിപിഎമ്മിന് ലഭിച്ച സംഭാവന 7.6 കോടിയായി ഉയർന്നു. 1.5 കോടി രൂപ സിപിഎമ്മിന് വർധിച്ചു.
إرسال تعليق