തിരുവനന്തപുരം: കോൺഗ്രസിനും തനിക്കും ജമാഅത്തെ ഇസ്ലാമി പിന്തുണ ലഭിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെതിരെ മത്സരിക്കുന്ന വേളയിലാണ് തനിക്ക് ജമാഅത്തെ പിന്തുണ ലഭിച്ചതെന്നും മുരളീധരൻ തുറന്നടിച്ചു.
2019 മുതൽ അവരുടെ പിന്തുണ ദേശീയ അടിസ്ഥാനത്തിൽ കോൺഗ്രസിന് ലഭിക്കുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി. ബിജെപിക്ക് ബദൽ കോൺഗ്രസെന്ന് ജമാഅത്തെ ഇസ്ലാമി ദേശീയാടിസ്ഥാനത്തിൽ സ്വീകരിച്ച നയത്തിന്റെ തുടർച്ചയാണ് പിന്തുണയെന്നും അദ്ദേഹം പറഞ്ഞു. സ്വാഭാവികമായും അതിന്റെ ഗുണം സിപിഎമ്മിനും കിട്ടിയിട്ടുണ്ടെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
ഈ നയത്തിന്റെ ഭാഗമായി തന്നെയാണ് കോണ്‍ഗ്രസ് മുന്നണിയിലുള്ള സിപിഎമ്മിന് തമിഴ്‌നാട്ടില്‍ ജമാഅത്തെ ഇസ്ലാമി പിന്തുണ നല്‍കിയതെന്നും മുരളീധരൻ പറഞ്ഞു. സാമുദായിക നേതാക്കളെ വിമര്‍ശിക്കുന്നവരല്ല കോണ്‍ഗ്രസുകാരെന്നും സമുദായ നേതാക്കള്‍ വിളിക്കുമ്പോള്‍ എല്ലാവരും പോകാറുണ്ടെന്നും മുരളീധരൻ പറഞ്ഞു.
രമേശ് ചെന്നിത്തലയ്ക്ക് ലഭിച്ച എൻഎസ്എസ് ക്ഷണവുമായി ബന്ധപ്പെട്ട ചോദ്യത്തിലായിരുന്നു മുരളീധരന്റെ ഈ പ്രതികരണം. വിഷയം ഇപ്പോൾ ചർച്ചയാക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി സ്ഥാനവുമായി അതിനെ കൂട്ടികുഴക്കേണ്ടെന്നും മുരളീധരൻ പറഞ്ഞു. വെള്ളാപ്പള്ളിയുടെ വിമർശനം വ്യക്തിപരമാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുരളീധരന്റെ തുറന്നുപറച്ചിൽ കോൺഗ്രസിന് വലിയ തലവേദനയാവും എന്നുറപ്പാണ്. ഇതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുരളീധരന്റെ നിലപാടിനെ തള്ളിക്കൊണ്ടാണ് രംഗത്ത് വന്നത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമി പിന്തുണ എൽഡിഎഫിണ് നൽകിയതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്.
എന്നാൽ മുരളീധരന്റെ ഏറ്റുപറച്ചിൽ സിപിഎമ്മും ബിജെപിയും ഏത് രീതിയിൽ ഏറ്റെടുക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ ജമാഅത്തെ ഇസ്ലാമി ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തിയിരുന്നു. എ വിജയരാഘവൻ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ വിജയം ഉൾപ്പെടെ ചൂണ്ടിക്കാട്ടി മുസ്ലീം പ്രീണന ആരോപണം ഉന്നയിച്ചിരുന്നു.
അതിനിടയിലാണ് ജമാഅത്തെ ഇസ്ലാമി പിന്തുണ ശരിവച്ചുകൊണ്ട് മുതിർന്ന നേതാവായ കെ മുരളീധരൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ കോൺഗ്രസും പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും ഒരുപോലെ പ്രതിരോധത്തിലാവുമെന്ന് ഉറപ്പാണ്. വിഷയം ബിജെപി ഏറ്റെടുക്കുമോ എന്നും കണ്ടറിയേണ്ടതുണ്ട്.
إرسال تعليق