Join News @ Iritty Whats App Group

ആരാധനാലയ സംരക്ഷണ നിയമ സാധുത ഹർജികൾ പരി​ഗണിക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ച് സുപ്രീം കോടതി; വാദം 12 മുതല്‍


ദില്ലി: ആരാധനാലയ സംരക്ഷണ നിയമത്തിന്റെ സാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ വാദം കേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ഡിസംബർ പന്ത്രണ്ട് മുതൽ വാദം കേൾക്കാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായി പ്രത്യേക ബെഞ്ച് രൂപീകരിച്ചു. ഇതിനിടെ യുപിയിലെ അടാല മസ്ജിദ് ക്ഷേത്രമായി പ്രഖ്യാപിക്കണമെന്ന ഹർജിക്കെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു. 

ബിജെപി നേതാവ് അശ്വനികുമാർ ഉപാധ്യയ ഉൾപ്പെടെ നൽകിയ ഹർജികളിൽ കഴിഞ്ഞ വർഷം കേന്ദ്രസർക്കാരിന്റെ നിലപാട് കോടതി തേടിയിരുന്നു. പിന്നീട് ഹർജികൾ കോടതി പരിഗണിച്ചില്ല. 1991ലെ ആരാധനാലയ നിയമത്തിന്റെ മൂന്ന് വ്യവസ്ഥകൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം. മതേതരതത്വത്തിന് തുരങ്കം വെയ്ക്കുന്ന മുൻകാലത്തെ ക്രൂരപ്രവൃത്തികൾക്ക് നിയമപ്രകാരമുള്ള പരിഹാരം നിഷേധിക്കുന്നുവെന്നാണ് പ്രധാനവാദം. അടുത്ത വ്യാഴ്ച്ച ഉച്ചയ്ക്ക് മൂന്നരയ്ക്കാവും ഹർജി കോടതി പരിഗണിക്കുക.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൽ ജഡ്ജിമാരായ സഞ്ജയ് കുമാർ, കെവി വിശ്വനാഥൻ എന്നിവരാണ് മറ്റു അംഗങ്ങൾ. നിയമം ഇല്ലാതായാൽ രാജ്യത്ത്‌ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കക്ഷി ചേരാനുള്ള അപേക്ഷയിൽ ഗ്യാൻവാപ്പി പള്ളി കമ്മറ്റി വ്യക്തമാക്കുന്നുണ്ട്. സംഭൽ പള്ളി സർവേയെ ചൊല്ലിയുള്ള സംഘർഷത്തിൽ അഞ്ച് പേർ മരിച്ചതും ചൂണ്ടിക്കാട്ടിയാണ് ഗ്യാൻവാപി കമ്മിറ്റി സത്യവാങ്മൂലം നല്കിയത്. ഇതിനിടെ യുപിയിലെ ജൗൻപൂരിൽ സ്ഥിതി ചെയ്യുന്ന അടാല മസ്ജിദ് ക്ഷേത്രമാണെന്ന ഹർജി ഫയൽ സ്വീകരിച്ച പ്രാദേശിക കോടതി തീരുമാനത്തിനെതിരെ പള്ളിക്കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമിപിച്ചു.

ഈ വർഷം മെയിലെ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി. അയോധ്യ ഒഴികെയുള്ള ആരാധാനാലയങ്ങളുടെ 1947ലെ സ്വഭാവം അതേപടി നിലനിറുത്താനുള്ള വ്യവസ്ഥയാണ് നരസിംഹറാവു സർക്കാർ കൊണ്ടു വന്ന നിയമത്തിലുള്ളത്. നിയമം നിലനിൽക്കേ കീഴ്ക്കോടതികൾ ആരോധനാലയങ്ങളുടെ സർവ്വെയ്ക്കുള്ള ഹർജികൾ പരിഗണിക്കുന്നതിൽ വിമർശനം ഉയരുന്നതിനിടെയാണ് സുപ്രീംകോടതി വാദം നിശ്ചയിച്ചിരിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group