Join News @ Iritty Whats App Group

ബെംഗളൂരുവില്‍ വീണ്ടും 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ്; സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ക്ക് നഷ്ടമായത് 11.8 കോടി രൂപ

ബെംഗളൂരു: ന​ഗരത്തിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 39 കാരനായ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർക്ക് നഷ്ടമായത് 11.8 കോടി രൂപ. യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോ​ഗിച്ചു വരുന്നുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. നവംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

നവംബർ 11 ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാണ് വിളി വന്നതെന്ന് പരാതിയിൽ പറയുന്നു. ആധാർ കാർഡുമായി ബന്ധിപ്പിച്ച യുവാവിന്റെ സിം കാർഡ് നിയമവിരുദ്ധമായ പരസ്യങ്ങൾക്കും മറ്റും ഉപയോഗിക്കപ്പെട്ടതായാണ് ട്രായ് ഉദ്യോ​ഗസ്ഥൻ എന്ന വ്യാജേന വിളിച്ച തട്ടിപ്പുകാരൻ പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് മുംബൈയിലെ കൊളാബ സൈബർ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോളിലൂടെ പറഞ്ഞു.

പിന്നീട് യുവാവിന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഉപയോ​ഗിച്ചു വരുന്നുവെന്നും പറഞ്ഞ് മറ്റൊരു കോൾ വന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ഇക്കാര്യം രഹസ്യമായി സൂക്ഷിക്കാൻ നിർദേശിച്ചിക്കുകയും വെർച്വൽ ഇൻവെസ്റ്റി​ഗേഷനുമായി സഹകരിക്കാനും, ഇല്ലെങ്കിൽ നേരിട്ട് അറസ്റ്റ് രേഖപ്പെടുത്തേണ്ടി വരുമെന്ന് താക്കീത് നൽകുകയും ചെയ്തു. 

തുടർന്ന് സ്‌കൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെട്ട് പോലീസുകാരനെന്ന വ്യാജേന ഒരാൾ വിളിച്ചതായും എഫ്ഐആറിൽ പറയുന്നു. തുടർന്ന് മുംബൈ പോലീസ് യൂണിഫോം ധരിച്ച ഒരാൾ സ്കൈപിലൂടെ വിളിച്ച് ഒരു വ്യവസായി തൻ്റെ ആധാർ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് തുറന്ന് 6 കോടി രൂപയുടെ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു.

ഇതിന് ശേഷം നവംബർ 25 ന് തട്ടിപ്പുകാരിലൊരാൾ വീണ്ടും വിളിക്കുകയും കേസിൽ സുപ്രീം കോടതി വാദം കേൾക്കുകയാണെന്നും പറഞ്ഞ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ തന്നെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിക്കാരൻ പറയുന്നു.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) മാർഗ്ഗനിർദ്ദേശങ്ങൾ എന്ന പേരിൽ ഒരു വ്യാജ മനദണ്ഡമായി, വെരിഫിക്കേഷൻ പ്രൊസസ് ഉണ്ടെന്നും ഇതിനായി ചില അക്കൗണ്ടുകളിലേക്ക് ഫണ്ട് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. അല്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും പറഞ്ഞു. 

അറസ്റ്റ് ഭയന്ന് ഇരയായ യുവാവ് നിശ്ചിത കാലയളവിൽ ഒന്നിലധികം ഇടപാടുകളിലായി മൊത്തം 11.8 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തു. എന്നാൽ കൂടുതൽ പണം പിന്നെയും ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പോലീസിൽ പരാതിപ്പെട്ടത്. ഭാരതീയ ന്യായ സൻഹിത (ബിഎൻഎസ്), ഐടി ആക്റ്റ് തുടങ്ങിയവയുടെ അനുയോജ്യമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group