കണ്ണൂർ: സിപിഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സിപിഎമ്മിന്റെ ഓഫീസുകൾ പൊളിക്കാൻ ഒറ്റരാത്രി കൊണ്ട് സാധിക്കുമെന്നും അതിന് കോൺഗ്രസിന്റെ പത്ത് പിള്ളേർ മതിയെന്നും കെ സുധാകരൻ പറഞ്ഞു. പിണറായിയിൽ അജ്ഞാതർ അടിച്ചുതകർത്ത കോൺഗ്രസ് ഓഫീസ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ സുധാകരൻ.
പിണറായി വേണ്ടുട്ടായിയിലെ ഓഫീസ് തകർത്തത് സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇവിടെയുള്ള കോൺഗ്രസ് ബൂത്ത് കമ്മിറ്റി ഓഫീസാണ് അടിച്ചുതകർത്തത്. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാൻ കഴിയുമെന്ന് കെ സുധാകരന്‍ പ്രസംഗത്തിനിടെ വെല്ലുവിളിച്ചു. ഇന്നലെയായിരുന്നു പിണറായിയിൽ കോൺഗ്രസ് ഓഫീസ് അക്രമികൾ തകർത്തത്.
'അക്രമത്തെ ഞങ്ങള്‍ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നിര്‍ബന്ധിച്ചാല്‍ അതേരീതി സ്വീകരിക്കാൻ തയ്യാറാണ്. പാര്‍ട്ടി ഓഫീസുകള്‍ തിരിച്ചുപൊളിക്കാനും ഞങ്ങൾക്ക് അറിയാം. സിപിഎമ്മിന്റെ ഓഫീസ് തകര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ പത്ത് പിള്ളേര്‍ മാത്രം മതി' കെപിസിസി അധ്യക്ഷൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനെയും കെ സുധാകരൻ വിമർശിച്ചു. പിണറായി വിജയൻ അന്തസുള്ള നേതാവിന്റെ മാന്യത പഠിക്കാൻ തയ്യാറാവണം എന്നായിരുന്നു സുധാകരൻ ആവശ്യപ്പെട്ടത്. 'ഞങ്ങള്‍ക്ക് നിങ്ങളുടെ കെട്ടിടം പൊളിക്കാന്‍ കഴിയില്ലെന്നാണോ കരുതുന്നത്? പൊളിച്ചു കാണണം എന്ന് സിപിഎമ്മിന് ആഗ്രഹമുണ്ടോ? ഉണ്ടെങ്കില്‍ പറയണം. ആണ്‍കുട്ടികള്‍ ഇവിടെയുണ്ടെന്ന് കാണിച്ചു തരാം' സുധാകരൻ പറഞ്ഞു.
ഇന്നലെ നടന്ന കോൺഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമായിരുന്നു ആക്രമികൾ ഓഫീസ് അടിച്ചു തകർത്തത്. ഓഫീസിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തതിനൊപ്പം പ്രധാനപ്പെട്ട വാതില്‍ തീയിട്ട് നശിപ്പിക്കാനും ശ്രമം നടന്നിരുന്നു. സംഭവത്തിൽ സിപിഎമ്മിനെ തന്നെയാണ് കോൺഗ്രസ് പ്രതിക്കൂട്ടിൽ നിർത്തുന്നത്.
അതേസമയം, കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുമെന്ന ആഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ വിഷയത്തിൽ പ്രതികരണവുമായി അദ്ദേഹം തന്നെ നേരിട്ട് രംഗത്ത് വന്നിട്ടുണ്ട്. നേതൃമാറ്റ വാർത്തകൾ അദ്ദേഹം തള്ളി. താൻ മാറുമെന്നത് വെറും മാധ്യമ സൃഷ്‌ടിയാണെന്നും സുധാകരൻ ചൂണ്ടിക്കാണിച്ചു.
എന്നാൽ കെപിസിസിയിൽ വൻ അഴിച്ചുപണി തന്നെ നടന്നേക്കുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്. കെ സുധാകരനെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് വരെ സ്ഥാനത്ത് നിർത്തിയേക്കും എന്നാണ് സൂചന. എന്നാൽ മറ്റ് സുപ്രധാന സ്ഥാനങ്ങളിൽ മാറ്റമുണ്ടാകും. കെപിസിസി ഭാരവാഹികൾ, ഡിസിസി അധ്യക്ഷന്മാർ എന്നിവരിൽ മാറ്റം ഉണ്ടായേക്കും.
إرسال تعليق