Join News @ Iritty Whats App Group

പാമ്പ് പിടിത്തം ഹരമാക്കി, എന്തും നേരിടാൻ തയ്യാർ; മൂന്ന് വർഷത്തിനിടെ 100 പെരുമ്പാമ്പുകളെ വലയിലാക്കി രോഷ്നി




തിരുവനന്തപുരം: മൂന്ന് വർഷത്തിനിടെ 100 പെരുമ്പാമ്പുകളെ വലയിലാക്കിയെന്ന അപൂർവ നേട്ടവുമായി വനം വകുപ്പിലെ രോഷ്നി ജി.എസ്. ചൊവ്വാഴ്ച രാത്രി ആര്യനാട് പുതുക്കുളങ്ങരയിലെ ഒരു വീട്ടിൽ നിന്ന് പിടികൂടിയതാണ് രോഷ്നിയുടെ പാമ്പ് പിടിത്ത കാലയളവിനിടയിലെ നൂറാമത്തെ പെരുമ്പാമ്പ്. വനം വകുപ്പ് പരുത്തിപ്പള്ളി റേഞ്ചിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസറും (ബി.എഫ്.ഒ) റാപ്പിഡ് റസ്പോൺസ് ടീം (ആർ.ആർ.ടി) അംഗവുമാണ് രോഷ്നി.

പരിശീലനവും ലൈസൻസും നേടി 2019 അവസാനം മുതലാണ് പാമ്പ് പിടിത്തം രോഷ്നി ആരംഭിച്ചത്. പരിശീലന ശേഷം രോഷ്നി ആദ്യമായി എടുത്തതും പെരുമ്പാമ്പിനെ ആയിരുന്നു. പാമ്പുകളെ ഉപദ്രവിക്കുന്നതും കൊല്ലുന്നതും വ്യാപകമായതോടെയാണ് ശാസ്ത്രീയമായി പാമ്പുകളെ പിടികൂടി അതിന്റെ ആവാസവ്യവസ്ഥക്ക് അനുസരിച്ച് തുറന്ന് വിടാൻ വനം വകുപ്പ് പദ്ധതി ആവിഷ്കരിച്ചത്. അതിന്റെ ഭാഗമാണ് ഇപ്പോൾ രോഷ്നിയും.
ഏറെ പ്രതികൂലവും ദുഷ്കരവുമായ സാഹചര്യങ്ങളിൽ പോലും ധൈര്യമായി ഇറങ്ങിച്ചെന്ന് അതിസാഹസികമായി പാമ്പുകളെ പിടികൂടാൻ രോഷ്നി കാട്ടുന്ന മിടുക്ക് ശ്രദ്ധേയമാണ്. 

കഴിഞ്ഞ ദിവസം പുലർച്ചെ 4.30ന് വന്ന ഫോൺ സന്ദേശം അനുസരിച്ച് ഉറക്കം കളഞ്ഞാണ് രോഷ്നി തന്റെ 99-ാമത്തെ പെരുമ്പാമ്പിനെ പിടിക്കാൻ ഇറങ്ങിയത്. കഴിഞ്ഞ മാസം രാത്രിയിൽ വിതുര, കളീക്കലിൽ തോട്ടിൽ കണ്ട പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വെള്ളത്തിൽ വീണുപോയ സംഭവവും ഉണ്ടായി. പെരുമ്പാമ്പിനെ പിടികൂടുന്ന സാഹചര്യങ്ങളില്ലൊം വലിയ പ്രതിബന്ധങ്ങളെ തരണം ചെയ്ത അനുഭവങ്ങളുമുണ്ട്.

പാമ്പ് പിടിത്തം ഹരമാക്കിയ രോഷ്നി ആർ.ആർ.ടിയിൽ എത്തിയ ശേഷം പെരുമ്പാമ്പുകളെ കൂടാതെ, മൂർഖൻ, അണലി, ശംഖുവരയൻ, ചേര, കാട്ടുപാമ്പ്, ചുരുട്ട തുടങ്ങി നാന്നൂറോളം എണ്ണത്തെ ഇതിനകം പിടികൂടിയിട്ടുണ്ട്. കൂടാതെ മരപ്പട്ടി, മുള്ളൻപന്നി, മൂങ്ങ തുടങ്ങിയവയെയും സാഹസികമായി വലയിലാക്കിയിട്ടുണ്ട്. പരസഹായം തേടാൻ കഴിയാത്ത രക്ഷാദൗത്യമാണ് പാമ്പ് പിടിത്തമെന്നും അതിനുസൃതമായി ഓരോസ്ഥലത്തെയും നാട്ടുകാരും സഹകരിക്കുന്നതാണ് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നതെന്നും രോഷ്നി പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group