Join News @ Iritty Whats App Group

‘തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം’; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി


ആന എഴുന്നള്ളിപ്പിൽ ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗരേഖക്കെതിരെ തിരുവമ്പാടി രംഗത്ത്. തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നതെന്ന് തിരുവമ്പാടി വിമർശിച്ചു. ഒരു വർഷം ഒരു ആന 85 പൂരം വരെയാണ് ശരാശരി എടുക്കാറുള്ളത്. ബാക്കി ദിവസങ്ങൾ വിശ്രമം ആണെന്നിരിക്കെ 24 മണിക്കൂർ വിശ്രമം വേണമെന്നത് അപ്രായോഗികമാണ്. ആനകളുടെ ചെലവുപോലും കണ്ടെത്താൻ കഴിയാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കാര്യങ്ങൾ കൊണ്ടുപോകുമെന്നും തിരുവമ്പാടി ചൂണ്ടിക്കാണിക്കുന്നു.

തുടർച്ചയായി 3 മണിക്കൂറിൽ കൂടുതൽ ആനയെ എഴുന്നള്ളത്തിൽ നിർത്തരുതെന്നാണ് ഹൈക്കോടതി നിർദേശം. ഇതിനെതിരെയാണിപ്പോൾ തിരുവമ്പാടി രംഗത്തെത്തിയിരുക്കുന്നത്. നിലവിലെ നിർദ്ദേശപ്രകാരം മഠത്തിൽ വരവടക്കം നടത്താൻ കഴിയില്ലെന്ന് തിരുവമ്പാടി ചൂണ്ടിക്കാണിച്ചു. പൂരത്തിനെത്തുന്നവർ ആനകൾക്ക് അടുത്തു നിന്ന് എട്ടു മീറ്റർ അകലം പാലിക്കണം എന്നത് പൂരത്തിൻ്റെ എല്ലാ ചടങ്ങുകളെയും തടസ്സപ്പെടുത്തും. ഈ നിർദ്ദേശം മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തൃശ്ശൂർപൂരത്തെയും തകർക്കുന്നതാണ്. ആനയുടെ മുൻപിൽ നിന്നാണോ പുറകിൽ നിന്നാണോ എട്ടു മീറ്റർ പാലിക്കേണ്ടത് എന്ന് ഉത്തരവിൽ വ്യക്തതയില്ല.

ദിവസം 30 കി.മീ കൂടുതൽ ആനകളെ നടത്തിക്കരുത്. രാത്രി 10 മുതൽ രാവിലെ 4 മണി വരെ ആനയെ യാത്ര ചെയ്യിക്കരുത്. രാത്രിയിൽ ശരിയായ വിശ്രമ സ്ഥലം സംഘാടകർ ഉറപ്പു വരുത്തണം. ദിവസം 125 കിലോമീറ്ററിൽ കൂടുതൽ ആനയെ യാത്ര ചെയ്യിക്കരുത്. ദിവസം 6 മണിക്കൂറിൽ കൂടുതൽ ആനയെ വാഹനത്തിൽ കൊണ്ടുപോകരുത്. വാഹനത്തിൻ്റെ വേഗത 25 കിലോമീറ്ററിൽ താഴെയാകണം. ആനയുടെ യാത്രയ്ക്കായി ഉപയോഗിക്കുന്ന വാഹനത്തിന് വേഗപ്പൂട്ട് നിർബന്ധമാണെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group