കോഴിക്കോട്: ഹെപ്പറ്റൈറ്റിസ് എ വൈറസിന്റെ ജനിതക ഘടനയില്‍ മാറ്റം വന്നിട്ടില്ലെന്ന് പുനെയിലെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പ്രാഥമിക പഠനം. സമീപകാലത്ത് മഞ്ഞപ്പിത്ത കേസുകള്‍ വർദ്ധിക്കുന്നത് കണക്കിലെടുത്തായിരുന്നു സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് വിശദമായ പരിശോധനക്ക് പൂനെയിലേക്ക് അയച്ചത്.
അടുത്തകാലത്തായി സംസ്ഥാനത്ത് പലയിടത്തും പിടിമുറുക്കുകയാണ് മഞ്ഞപ്പിത്തം. കേസുകള്‍ കൂടുന്നതിനൊപ്പം മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി മരണനിരക്ക് വര്‍ധിക്കുന്നുവെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ഈ വര്‍ഷം ഇതുവരെ 6494 സ്ഥിരീകരിക്കപ്പെട്ട മഞ്ഞപ്പിത്ത കേസുകളുണ്ട്. 64 മരണങ്ങളും. 17830 സംശയാസ്പദ കേസുകളും 18 സംശയാസ്പദമായ മരണങ്ങളുമുണ്ടായി.
കോഴിക്കോട് മാത്രം കഴിഞ്ഞ 12 ദിവസത്തിനിടെ 80 പേര്‍ക്കാണ് മഞ്ഞപ്പിത്ത രോഗബാധ. മുമ്പൊക്കെ വലിയ അപകട ഭീഷണിയല്ലാതിരുന്ന ഹൈപ്പറ്റൈറ്റിസ് എ ഇപ്പോള്‍ ചെറുപ്പക്കാരുടെ ജീവന്‍ പോലും ചുരുങ്ങിയ സമയം കൊണ്ട് കവരുന്നെന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മെഡിസില്‍ വിഭാഗം അസി പ്രൊഫസര്‍ ഡോക്ടര്‍ വി.കെ ഷമീര്‍ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. കേസുകളുടെ എണ്ണവും മരണനിരക്കും വല്ലാതെ കൂടിയത് കണക്കിലെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം സാമ്പിളുകള്‍ ജീനോ ടൈപ്പ് പരിശോധനകള്‍ക്കായി ആറുമാസം മുമ്പ് തന്നെ എന്‍ഐവി പുനെയിലേക്ക് അയച്ചിരുന്നു.
ജനിതകഘടനയില്‍ മാറ്റം വന്നിട്ടില്ലെന്നും നേരത്തെ ഇവിടെ കണ്ടുവരുന്ന ജീനോ-ടൈപ്പ് തന്നെയാണെന്നുമാണ് പുനെയിലെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. കേസുകളുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ പുനെ ലാബ് നടത്തുന്നുണ്ട്. കുടുംബത്തില്‍ തന്നെ ഒന്നില്‍കൂടുതല്‍ മരണങ്ങളുണ്ടാകുന്നതുള്‍പ്പെടെയുള്ള ഗൗരവമുള്ള കേസുകളുടെ സാമ്പിളുകളെല്ലാം കോഴിക്കോട് മെഡിക്കല്‍ കോളേജ് ലാബില്‍ നിന്നും പുനെയിലേക്ക് അയക്കുന്നുണ്ട്.
രോഗ തീവ്രത വര്‍ധിക്കുന്നെങ്കില്‍ അത് എന്തുകൊണ്ട് എന്നതില്‍ കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന ആവശ്യം ഉയരുന്നു, കുടിവെള്ളം കൂടുതല്‍ മലിനമായതും ലക്കും ലാഗനുമില്ലാതെ ആളുകള്‍ ശുചിത്വമില്ലാത്ത കടകളില്‍ നിന്ന് വെള്ളവും ഭക്ഷണവും കഴിക്കുന്നതുമാണ് രോഗം പടര്‍ന്നു പിടിക്കുന്നതിന് കാരണമാകുന്നെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. മലിനമായ വെള്ളം ഭക്ഷണം എന്നിവയിലൂടെയാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
إرسال تعليق