കല്‍പ്പറ്റ: കള്ളപ്പണ വിവാദവും ട്രോളിയുമാണ് പാലക്കാട്ടെ പ്രചാരണ വിഷയമെങ്കില്‍ പുഴുവരിച്ച ഭക്ഷ്യക്കിറ്റിലാണ് വയനാട്ടിലെ പ്രചാരണം ചൂടുപിടിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിനെ സിപിഎമ്മും ബിജെപിയും പ്രതിസ്ഥാനത്തു നിര്‍ത്തുമ്പോള്‍ റവന്യൂ വകുപ്പിനെതിരേ വിഷയം തിരിച്ചുവിട്ട് സംസ്ഥാന സര്‍ക്കാരിനെതിരേയാണ് ഈ വിഷയം കോണ്‍ഗ്രസ് ആയുധമാക്കുന്നത്.
മേപ്പാടി പഞ്ചായത്ത് ഓഫീസ് പരിസരം രാഷ്ട്രീയപാര്‍ട്ടികളുടെ സമരത്തെത്തുടര്‍ന്ന് ഇന്നലെ സംഘര്‍ഷഭരിതമായിരുന്നു. ഡിവൈഎഫ്ഐയുടെ സമരത്തിനിടെ പഞ്ചായത്തിലെ മേശയും ബെഞ്ചും ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തകര്‍ എടുത്തെറിഞ്ഞിരുന്നു. ഇന്നു രാവിലെ മേപ്പാടി പഞ്ചായത്തിലേക്കു മാര്‍ച്ച് നടത്തുമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്തിട്ടുണ്ട്.
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കു പഴകിയ ഭക്ഷ്യ വസ്തുക്കള്‍ നല്കിയ സംഭവം സംസ്ഥാന സര്‍ക്കാരിനെതിരേ തിരിയാതിരിക്കാനായി ഈ വിഷയത്തില്‍ ശക്തമായ തടര്സമരപരിപാടികളുമായി രംഗത്തിറങ്ങാനാണ് സിപിഎം നീക്കം. പഞ്ചായത്ത്, ഭക്ഷ്യവസ്തുക്കള്‍ പൂഴ്ത്തിവച്ചെന്നു സിപിഎം ആക്ഷേപം ഉയര്‍ത്തുന്നു. കോണ്‍ഗ്രസും സിപിഎമ്മും മുണ്ടക്കൈക്കാരെ വഞ്ചിക്കുന്നു എന്നാണ് ബിജെപി വാദിക്കുന്നത്.
ചില കിറ്റുകളില്‍ മാത്രം പുഴു വന്നത് ഗൂഢാലോചന ആണെന്ന് യുഡിഎഫും ആരോപിക്കുന്നുണ്ട്. അതിനിടെ തോല്‍പ്പെട്ടിയിലെ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍നിന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രം സഹിതമുള്ള ഭക്ഷ്യക്കിറ്റ് കണ്ടെത്തിയ സംഭവവും പ്രചാരണായുധമാക്കാനുള്ള നീക്കത്തിലാണ് സിപിഎം.
إرسال تعليق