Join News @ Iritty Whats App Group

കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണം, ഇല്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കും: മണിപ്പൂർ മുഖ്യമന്ത്രി




ഇംഫാൽ: ബിജെപി കേന്ദ്ര നേതൃത്വത്തിന് മുന്നറിയിപ്പുമായി മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിംഗ്. കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. സായുധ സേനകൾക്ക് പ്രത്യേക അധികാരം നല്കിയത് പിൻവലിക്കണം. ഇല്ലെങ്കിൽ ജനങ്ങളുമായി ആലോചിച്ച് രാഷ്ട്രീയ തീരുമാനം എടുക്കുമെന്ന് ബീരേൻ സിംഗ് വ്യക്തമാക്കി. 

അതിനിടെ മണിപ്പൂരിൽ സംഘർഷത്തിൽ ഒരാൾ കൂടി മരിച്ചു. ഇംഫാലിൽ സംഘർഷം തുടരുകയാണ്. മുഖ്യമന്ത്രിയുടെ വീടിന് നേരെയും അക്രമമുണ്ടായി. ഇംഫാലില്‍ കര്‍ഫ്യൂവും ഏഴ് ജില്ലകളില്‍ ഇന്‍റര്‍നെറ്റ് നിരോധനവും തുടരുകയാണ്. തുടർന്ന് മുഖ്യമന്ത്രി എൻഡിഎ എംഎൽഎമാരുടെ യോഗം വിളിച്ചു. അതിലാണ് കുക്കി തീവ്രവാദികൾക്കെതിരെ കർശന നടപടി വേണമെന്നും സായുധ സേനകൾക്ക് പ്രത്യേക അധികാരം നൽകിയത് പിൻവലിക്കണമെന്നും ആവശ്യമുയർന്നത്. ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചില്ലെങ്കിൽ രാഷ്ട്രീയ തീരുമാനമെടുക്കുമെന്ന് ബീരേൻ സിംഗ് പറഞ്ഞെങ്കിലും എന്തായിരിക്കും ആ തീരുമാനമെന്ന് വ്യക്തമാക്കിയിട്ടില്ല.

അതിനിടെ 20 കമ്പനി കേന്ദ്ര സേനയെക്കൂടി ഇന്ന് മണിപ്പൂരിലേക്ക് അയക്കും. ഇന്നലെ 50 കമ്പനി സേന മണിപ്പൂരിൽ എത്തിയിരുന്നു. എന്‍ഐഎ ഏറ്റെടുത്ത കേസുകളില്‍ വൈകാതെ അന്വേഷണം തുടങ്ങും. സംഘര്‍ഷത്തിലേക്ക് നയിച്ച മൂന്ന് പ്രധാന സംഭവങ്ങളിലെ അന്വേഷണമാണ് എന്‍ഐഎ ഏറ്റെടുത്തിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ നിന്ന് 8 മാസം പ്രായമുള്ള കുഞ്ഞുള്‍പ്പെടെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്, സിആര്‍പിഎഫ് ക്യാമ്പിന് നേരെ നടന്ന ആക്രമണം, മുഖ്യമന്ത്രിയുടെയും മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെയും വസതികള്‍ക്ക് നേരെ നടന്ന അക്രമം എന്നിവ അന്വേഷിക്കാനാണ് തീരുമാനം.

മണിപ്പൂരിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്നും യോഗം ചേരും. സാഹചര്യം ഏറെ സങ്കീര്‍ണ്ണമാണെന്ന് ഇന്നലത്തെ യോഗത്തിൽ ഉദ്യോഗസ്ഥര്‍ മന്ത്രിയെ ധരിപ്പിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group