ആവേശം നിറഞ്ഞ പ്രചരണത്തിനൊടുവിൽ വയനാട്ടിലും ചേലക്കരയിലും ഇന്ന് വൈകീട്ട് അഞ്ചിന് കൊട്ടിക്കലാശം നടക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 13 നാണ് ഇവിടങ്ങളിൽ വോട്ടെടുപ്പ്. തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികൾ.
കൊട്ടിക്കലാശത്തിൽ വയനാട്ടിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും മുൻ എംപി രാഹുൽ ഗാന്ധിയും പങ്കെടുക്കും. ഇരുവരും ഒരുമിച്ച് റോഡ് ഷോയും നടത്തും. രാവിലെ സുൽത്താൻ ബത്തേരിയിലും വൈകീട്ട് തിരുവമ്പാടി പരിസരത്തുമാണ് റോഡ് ഷോ. പ്രിയങ്കയുടെ കൊട്ടിക്കലാശം ശക്തിപ്രകടമാക്കാനുള്ള തയ്യാറെടുപ്പിലാണ് യു ഡി എഫ്. നൂറുകണക്കിന് പ്രവർത്തകരെ അണിനിരത്താനാണ് നീക്കം.
പ്രിയങ്കയ്ക്ക് രാഹുൽ നേടിയതിനേക്കാൾ ഭൂരിപക്ഷമാണ് ഇക്കുറി യു ഡി എഫ് സ്വപ്നം കാണുന്നത്. മണ്ഡലത്തിൽ കൂടുതൽ ദിവസം പ്രിയങ്ക പ്രചരണത്തിന് എത്തിയത് ആവേശയമായിട്ടുണ്ടെന്നും വോട്ട് ഉയരുമെന്നും കോൺഗ്രസ് പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം എൽ ഡി എഫ് ക്യാമ്പും ആത്മവിശ്വാസത്തിലാണ്. രാഹുലിനെ പോലെ പ്രിയങ്കയും മണ്ഡലം ഉപേക്ഷിച്ചുപോകുമെന്നാണ് തുടക്കം മുതൽ എൽ ഡി എഫ് ചർച്ചയാക്കിയത്.
മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ ഇടത് സ്ഥാനാർത്ഥിയാണ് സത്യൻ മൊകേരി. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാർത്ഥി എം ഐ ഷാനവാസിനോട് പരാജയപ്പെട്ടെങ്കിലും 356165 വോട്ട് നേടാൻ സത്യൻ മൊകേരിക്ക് സാധിച്ചിരുന്നു. 20870 വോട്ടുകള്‍ക്കായിരുന്നു അന്ന് സത്യന്‍ മൊകേരി പരാജയപ്പെട്ടത്. വിജയിച്ചില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ സാധിക്കുമെന്നാണ് സി പി ഐ കണക്ക് കൂട്ടൽ.
വൈകീട്ട് കല്‍പ്പറ്റയില്‍ വെച്ചാണ് എല്‍ ഡി എഫ് കൊട്ടിക്കലാശം നടക്കുക. ഇന്ന് ബത്തേരി സെന്റ് മേരീസ് കോളേജിൽ നിന്നാണ് സത്യൻ മൊകേരിയുടെ പ്രചരണം ആരംഭിക്കുക. വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശത്തിൽ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉൾപ്പെടെ പങ്കെടുക്കും. എൻ ഡി എ സ്ഥാനാർത്ഥി നവ്യ ഹരിദാസിന്റെ കൊട്ടിക്കലാശവും കൽപ്പറ്റയിലാണ് നടക്കുക.
അതേസമയം ചേലക്കര മണ്ഡലത്തിൽ ഇക്കുറി അതിശക്തമായ പോരാട്ടത്തിനാണ് വഴിയൊരുങ്ങിയത്. എൽ ഡി എഫും യു ഡി എഫും തമ്മിലാണ് ഇവിടെ പോരാട്ടം. യു ആർ പ്രദീപിലൂടെ മണ്ഡലം നിലനിർത്താനാകുമെന്നാണ് സി പി എം പ്രതീക്ഷ. ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയുള്ള പ്രചരണം വിജയം കണ്ടെന്ന് സി പി എം കരുതുന്നു. മാത്രമല്ല പാലക്കാട്ടെ വിവാദങ്ങളെയെല്ലാം കരുതലോടെ കൈകാര്യം ചെയ്യാനായി എന്നാണ് നേതൃത്വത്തന്റെ പ്രതീക്ഷ. അതേസമയം പാലക്കാട്ടെ വിവാദങ്ങൾ ചേലക്കരയിലും എൽ ഡി എഫിനെ തിരിച്ചടിക്കുമെന്നാണ് യു ഡി എഫ് ക്യാമ്പ് കരുതുന്നത്. ഭരണവിരുദ്ധ വികാരം ചർച്ചയാക്കിയായിരുന്നു രമ്യ ഹരിദാസിന്റെ പ്രചരണം. സംസ്ഥാന സർക്കാരിനെതിരായ വിമർശനങ്ങൾ കടുപ്പിച്ചായിരുന്നു ഇവിടെ എൻ ഡി എയും പ്രചരണം കൊഴുപ്പിച്ചത്.
പ്രമുഖരെ ഉൾപ്പെടെ ഇറക്കി വൈകീട്ട് നടക്കുന്ന കൊട്ടിക്കലാശം ആവേശത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ. പ്രദീപിനായി പാലക്കാട് സ്ഥാനാര്‍ത്ഥി പി സരിനും കലാശക്കൊട്ടില്‍ പങ്കെടുക്കും. രമ്യ ഹരിദാസിന് വേണ്ടി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്നെയെത്തും. കെ സുരേന്ദ്രനാണ് എന്‍ ഡി എ സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന് വേണ്ടി എത്തുന്നത്.
إرسال تعليق