Join News @ Iritty Whats App Group

അയ്യൻകുന്ന് പഞ്ചായത്തില്‍ ആകെ നാലു ജീവനക്കാര്‍; പ്രവര്‍ത്തനം താളം തെറ്റുന്നു


രിട്ടി: യു.ഡി.എഫ് ഭരിക്കുന്ന മലയോര പഞ്ചായത്തായ അയ്യൻകുന്നില്‍ ജീവനക്കാർക്ക് ഇരിപ്പുറക്കുന്നില്ല. സ്ഥലം മാറി പോകുന്ന ജീവനക്കാർക്ക് പകരം നിയമനം നടത്താൻ ബന്ധപ്പെട്ടവരും തയാറാകാത്തതോടെ ഭരണ സംവിധാനം ദുരിതത്തില്‍.

12 ജീവനക്കാരില്‍ എട്ടുപേരെയും സർക്കാർ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയിട്ട് മാസങ്ങളായി. മൂന്ന് വർഷത്തിനിടയില്‍ ആറു സെക്രട്ടറിമാർ വന്നുപോയി. 


ഇപ്പോള്‍ വിസിറ്റിങ് പ്രഫസറെപോലെ സെക്രട്ടറിയുടെ ചുമതല പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ്. രണ്ട് പ്രദേശങ്ങള്‍ തമ്മിലുള്ള ദൂരം 20 കിലോമീറ്ററോളം വരും. ഈ പഞ്ചായത്തില്‍നിന്ന് മറ്റേ പഞ്ചായത്തിലെത്തണമെങ്കില്‍ മണിക്കൂറുകള്‍ വേണം. അസിസ്റ്റന്റ് സെക്രട്ടറിയുണ്ടെങ്കിലും പകരം ചുമതല നല്‍കിയിട്ടില്ല. 


സമീപ പഞ്ചായത്തുകളായ ആറളത്തെയും പായത്തെയും സെക്രട്ടറിമാർക്ക് പകരം ചുമതല നല്‍കാതെ കിലോമീറ്ററുകളോളം അകലെയുള്ള പടിയൂർ പഞ്ചായത്ത് സെക്രട്ടറിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പഞ്ചായത്തില്‍ ഇപ്പോള്‍ പ്രധാനപ്പെട്ട എട്ട് തസ്തികകള്‍ ആളില്ല കസേരകള്‍ മാത്രമാണ്. ഈ ആളില്ലാ കസേരകളില്‍ പ്രതിഷേധ സൂചകമായി യു.ഡി.എഫ് അംഗങ്ങളുടെ പാവ പ്രതിഷേധം ശ്രദ്ധ പിടിച്ചിരുന്നു. സെക്രട്ടറിക്ക് പുറമെ, മൂന്ന് സീനിയർ ക്ലർക്കിന്റെയും ഓഫിസ് അസിസ്റ്റന്റ്, ഹെഡ് ക്ലർക്ക്, അക്കൗണ്ടന്റ്, ഓവർസിയർ എന്നിവയില്‍ ഒന്ന് വീതം തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഒരു അസിസ്റ്റന്റ് സെക്രട്ടറിയും മൂന്ന് എല്‍.ഡി ക്ലർക്കുമാരുമാണ് ഇപ്പോള്‍ ഓഫിസിലുള്ളത്. ജില്ലയിലെ വിസ്തൃതമായ പഞ്ചായത്തുകളിലൊന്നാണ് അയ്യൻകുന്ന്. ജീവനക്കാരുടെ കുറവ് മൂലം പദ്ധതി നിർവഹണം ആകെ താളം തെറ്റിയിരിക്കുകയാണ്. 


ലൈഫ് പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് യഥാസമയം പണം ലഭ്യമാക്കാൻ സാധിക്കുന്നില്ല. ക്ഷേമ പെൻഷനുകള്‍ക്കുള്ള അപേക്ഷകളും ഓഫിസില്‍ കെട്ടിക്കിടക്കുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും മറ്റും പരാതി നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് കുര്യച്ഛൻ പൈമ്ബള്ളിക്കുന്നേല്‍ പറഞ്ഞു.ഉപതെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കഴിഞ്ഞാല്‍ നിയമനം നടത്താമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 


പഞ്ചായത്തില്‍ ഭരണ സ്തംഭനം ആരോപിച്ച്‌ എല്‍.ഡി.എഫിന്റെ മൂന്ന് അംഗങ്ങള്‍ ഓഫിസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. എല്‍.ഡി.എഫ് അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സിബി വാഴക്കാല, ഷൈനി വർഗീസ് എന്നിവരെ കരിക്കോട്ടക്കരി എസ്.ഐ പ്രഭാകരന്റെ നേതൃത്വത്തില്‍ പൊലീസ് അറസ്റ്റുചെയ്തു.


Post a Comment

أحدث أقدم
Join Our Whats App Group