സിനിമ സീരീയല്‍ താരം മേഘനാഥന്‍ (60) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നടന്‍ ബാലന്‍ കെ. നായരുടെയും ശാരദാ നായരുടെയും മകനാണ്.
ചെന്നൈ ആശാന്‍ മമ്മോറിയല്‍ അസോസിയേഷനില്‍ നിന്നായിരുന്നു മേഘനാദന്റെ പ്രാഥമിക വിദ്യാഭ്യാസം. കോയമ്പത്തൂരില്‍ നിന്നും ഓട്ടോ മൊബൈല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കി. അച്ഛന്‍ ബാലന്‍ കെ നായര്‍ മുഖാന്തിരം സിനിമാലോകവുമായി ബന്ധമുണ്ടായിരുന്ന മേഘനാദന്‍,1983-ല്‍ പ്രശസ്ത സംവിധായകന്‍ പി എന്‍ മേനോന്റെ അസ്ത്രം എന്ന സിനിമയിലാണ് ആദ്യമായി അഭിനയിക്കുന്നത്. അതിനുശേഷം 1984-ല്‍ ഐ വി ശശിയുടെ ഉയരങ്ങളില്‍, 1986-ല്‍ ഹരിഹരന്റെ പഞ്ചാഗ്‌നി എന്നീ സിനിമകളില്‍ അഭിനയിച്ചു.
പിന്നീട് 1993-ല്‍ ചെങ്കോല്‍, ഭൂമിഗീതം എന്നീ സിനിമകളില്‍ അഭിനയിച്ചു. മേഘനാദന്‍ അറുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അവയില്‍ ഭൂരിഭാഗവും വില്ലന്‍ വേഷങ്ങളായിരുന്നു. 1996-ല്‍ കമല്‍ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന സിനിമയില്‍ മേഘനാദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. 2016-ല്‍ റിലീസ് ചെയ്ത ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ മേഘനാദന്റെ അഭിനയം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ പിടിച്ചുപറ്റി. സംസ്‌കാരം ഷൊര്‍ണ്ണൂരിലുള്ള വീട്ടില്‍ നടക്കും. മേഘനാദന്റെ ഭാര്യ സുസ്മിത, മകള്‍ പാര്‍വതി.
إرسال تعليق