Join News @ Iritty Whats App Group

കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്നു കാണിക്കപ്പെട്ടു,അര്‍ഹതയുള്ള തുക മനഃപൂര്‍വം നിഷേധിക്കുന്നുവെന്ന് വി ഡി സതീശന്‍

പാലക്കാട്; മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. കേരളം എന്നൊരു സംസ്ഥാന ഭൂപടത്തിലിന്നെ സമീപനമാണ് കേന്ദ്ര സര്‍ക്കാരിനുള്ളതെന്നും കേന്ദ്രസര്‍ക്കാരിന്റെ തനിനിറം തുറന്നുകാണിക്കപ്പെട്ടുവെന്നും അദ്ദേഹം വിമര്‍ശിച്ചു.

വയനാട് ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാണ് ഈ വിവരം പുറത്തുവന്നത് എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണെന്നും സതീശന്‍ പറഞ്ഞു. വയനാടിന് വേണ്ടത് ആരുടെയും പോക്കറ്റില്‍ നിന്ന് എടുത്തുനല്‍കുന്ന പണമല്ല. SDRF അല്ല, പ്രത്യേക സഹായം തന്നെയാണ് വേണ്ടത്. അര്‍ഹതയുള്ള തുക മനഃപൂര്‍വം നിഷേധിക്കുന്നുവെന്നും ഈ നടപടി ഞെട്ടല്‍ ഉളവാക്കുന്നതെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

കേരളത്തിന്റെ മനോഭാവമാണ് പ്രശ്‌നം എന്ന കെ സുരേന്ദ്രന്റെ പരാമര്‍ശത്തിന് ബിജെപി സംസ്ഥാന അധ്യക്ഷനോട് ആരും പണം ചോദിച്ചിട്ടില്ല എന്നായിരുന്നു സതീശന്റെ മറുപടി.എപ്പോള്‍ വേണമെങ്കിലും ബിജെപിയുമായി കോംപ്രമൈസ് ചെയ്യുമെന്നതിനാല്‍ കേന്ദ്രത്തിനെതിരായ സമരത്തില്‍ സിപിഎമ്മിനെയോ സര്‍ക്കാരിനെയോ കൂട്ടുപിടിക്കില്ലെന്നും യുഡിഎഫ് ഒറ്റയ്ക്ക് സമരം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.

ഉരുള്‍പൊട്ടല്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് സുരേന്ദ്രന്‍ രംഗത്തെത്തിയത്. കേരളം വേണ്ട രീതിയില്‍ മെമ്മോറാണ്ടം നല്‍കാത്തതുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാന്‍ സാധിക്കാതെ വന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. മാനദണ്ഡങ്ങള്‍ അനുസരിച്ച് മെമ്മോറാണ്ടം നല്‍കിയാല്‍ ഇനിയും പണം നല്‍കുമെന്നും കേരളത്തിന്റെ പരാജയം കേന്ദ്രത്തിന്റെ തലയില്‍ അടിച്ചേല്‍പ്പിക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. പണത്തിന്റെ അഭാവമല്ല പ്രശ്‌നമെന്നും കേരളത്തിന്റെ പക്കലുള്ള പണം ചെലവഴിക്കുന്നില്ല എന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Post a Comment

أحدث أقدم
Join Our Whats App Group