Join News @ Iritty Whats App Group

ചെയ്ത കുറ്റം ബിജെപി-സിപിഎം ഡീലിനെ എതിര്‍ത്തത് ; സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നെന്ന് സന്ദീപ്


പാലക്കാട്: കോണ്‍ഗ്രസ് നടത്തിയ അപ്രതീക്ഷിത നീക്കത്തില്‍ ബിജെപി നേതാവ് സന്ദീപ്‌വാര്യര്‍ കോണ്‍ഗ്രസില്‍. ഇന്ന് പാലക്കാട് കോണ്‍ഗ്രസിന്റെ ജില്ലാക്കമ്മറ്റി ഓഫീസില്‍ എത്തിയ സന്ദീപ് വാര്യരെ നേതാക്കള്‍ ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുധാകരനും പാലക്കാട് എംപി വി.കെ.ശ്രീകണ്ഠനം ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതാക്കള്‍ ഉള്‍പ്പെട്ട യോഗത്തില്‍ കെ. സുധാകരന്‍ സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു.

ബിജെപി വെറുപ്പിന്റെ ഫാക്ടറിയാണെന്നും അവിടെ തനിക്ക് അവമതിപ്പും ചവുട്ടിമെതിക്കലുമാണ് നേരിടേണ്ടി വന്നതെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. വെറുപ്പിന്റെ രാഷ്ട്രീയം വിട്ടതില്‍ തനിക്ക് ആഹ്‌ളാദമുണ്ടെന്നും മാനുഷിക പരിവര്‍ത്തനം അനിവാര്യമാണെന്നും പറഞ്ഞു. അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയത്തിന് താന്‍ ഇരയാക്കപ്പെട്ടു. സിപിഎം-ബിജെപി ഡീലിനെ എതിര്‍ത്തതാണ് താന്‍ ചെയ്ത കുറ്റം. വെറുപ്പ് ഉല്‍പ്പാദിപ്പിക്കുന്നിടത്ത് സ്‌നേഹവും കരുതലും പ്രതീക്ഷിച്ചതാണ് തന്റെ തെറ്റെന്നും സ്‌നേഹത്തിന്റെ കടയില്‍ മെമ്പര്‍ഷിപ്പ് എടുക്കുന്നെന്നും കോണഗ്രസിന്റെ ആവശ്യം ഇന്ത്യയൂടെ ആവശ്യമാണെന്നും പറഞ്ഞു. ബലിദാനികളെ ഒറ്റുകൊടുത്തത് താനല്ലെന്നും അവര്‍ സംഘടനയ്ക്ക് ഉള്ളില്‍ തന്നെയുണ്ടെന്നും പറഞ്ഞു. സന്ദീപ് വാര്യര്‍ വന്നത് സ്‌നേഹത്തിന്റെ രാഷ്ട്രീയത്തിലേക്കെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മിന്നല്‍ നീക്കത്തിലായിരുന്നു കോണ്‍ഗ്രസ് സന്ദീപിനെ സ്വന്തം പാളയത്തിലേക്ക് എത്തിച്ചത്. ബിജെപിയിലുള്ള അതൃപ്തി പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ സന്ദീപ് വാര്യരെ കോണ്‍ഗ്രസില്‍ എത്തിക്കാന്‍ കഴിഞ്ഞദിവസമായിരുന്നു ഐസിസി പച്ചക്കൊടി കാട്ടിയത്. നീക്കത്തിനായി രണ്ടു ദിവസം മുമ്പ് അന്തിമധാരണയില്‍ എത്തിയിരുന്നെങ്കിലും ഹൈക്കമാന്റിന്റെ അനുമതിക്കായി കാക്കുകയായിരുന്നു. ബിജെപിയില്‍ കലാപമാണെന്നായിരുന്നു വി.ഡി.സതീശന്റെ പ്രതികരണം. മുമ്പ് സന്ദീപ് പറഞ്ഞതിനെ കാര്യമാക്കുന്നില്ല. അദ്ദേഹം അന്ന് അത് പറഞ്ഞത് സ്വന്തം സംഘടനയ്ക്ക് വേണ്ടിയായിരുന്നെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

നിലവില്‍ ബിജെപി സംസ്ഥാനകമ്മറ്റിയംഗമാണ് സന്ദീപ് വാര്യര്‍ കഴിഞ്ഞയാഴ്ചയാണ് പാലക്കാട് സ്ഥാനാര്‍ത്ഥിക്കെതിരേ രൂക്ഷ ആരോപണം ഉയര്‍ത്തി രംഗത്ത് വന്നത്. അതേസമയം സന്ദീപ് അപ്രസക്തനായ വ്യക്തിയാണെന്നായിരുന്നു പ്രകാശ് ജാവദേക്കറിന്റെ പ്രതികരണം. അദ്ദേഹം പോകുന്നത് അപ്രസക്തമായ പാര്‍ട്ടിയിലേക്കാണെന്നും പറഞ്ഞു. അവഗണിച്ച് വിടാമെന്നാണ് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ പ്രതികരണം. അതേസമയം സന്ദീപിനെതിരേ നടപടിവേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം വാദിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group